പ്രതിദിന ചിന്ത | ക്രിസ്തുജ്ഞാനത്തെ കല്ലെറിയരുതേ

0

യോഹന്നാൻ 8:59 “അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.”

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയ്ക്ക് യേശു ക്ഷമ കൽപ്പിക്കുന്നു (8:1-11), പരീശന്മാരുമായി യേശു നടത്തിയ ദീർഘമായ സംവാദം (8:12-58), യേശുവിനെ എറിയുവാൻ കല്ലെടുക്കുന്ന പരീശന്മാർ (8:59) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പരീശന്മാരുമായി യേശു നടത്തിയ സുദീർഘമായ ഒരു സംവാദമാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായനകളിലൊന്ന്. തന്നെപ്പറ്റിതന്നെ സാക്ഷ്യം പറഞ്ഞ യേശു പരീശപക്ഷത്തിന്റെ രൂക്ഷവിമർശനത്തിനു വിധേയനായി. മാത്രമല്ല, പരീശന്മാരുടെ പാപത്തിനു നേരെ വിരൽ ചൂണ്ടിയതും (8:24) അവരുടെ രോക്ഷം ഇരട്ടിപ്പിക്കുവാൻ കാരണമായി. കൂടാതെ, റോമാ സാമ്രാജ്യത്തിന്റെ അടിമത്വത്തിൻ കീഴിൽ അവർ ആയിരിക്കുന്നു എന്ന യാഥാർഥ്യം ചൂണ്ടിക്കാട്ടി പുത്രൻ അഥവാ യേശു വരുത്തുന്ന സ്വാതന്ത്ര്യത്തിലേക്ക് യഹൂദ സമൂഹം ഒന്നടങ്കം എത്തണമെന്ന ആഹ്വാനവും (8:36) അവരിൽ യേശുവിനെതിരായ പ്രതിക്ഷേധം വർധിപ്പിക്കുവാൻ കാരണമായി. അതിലൊക്കെ ഉപരിയായി, അബ്രഹാമിനെക്കാൾ മുമ്പേ താൻ ഉണ്ടെന്നുള്ള യേശുവിന്റെ അവകാശവാദവും (8:58) യേശുവിനെതിരായ നിലപാടു കടുപ്പിക്കുവാൻ ഉതകിയ മറ്റൊരു കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ യേശുവിനെ എറിയുവാൻ അവർ കല്ലെടുത്തു. യേശുവാകട്ടെ അവരുടെ മുമ്പിൽ നിന്നും ഒഴിഞ്ഞുകളഞ്ഞു. യേശുവിനെ അറിയേണ്ടവണ്ണം അറിയുവാൻ ശ്രമിക്കേണ്ടതിനു പകരം അവിടുത്തെ എറിയുവാൻ കല്ലെടുത്ത അവരുടെ നടപടി യേശുവിനോടും അവിടുത്തെ രക്ഷാകര ദൗത്യത്തോടും അവർക്കുണ്ടായിരുന്ന മുൻവിധിയുടെ പ്രകടനമല്ലാതെ മറ്റെന്താണ്! യേശു ആരെന്ന കൃത്യമായ ഉത്തരം വ്യക്തമായ പദവിന്യാസത്തോടെ യുക്തിസഹമായി അവരെ ഉത്ബോധിപ്പിക്കുവാൻ യേശു ശ്രമം നടത്തുന്നു. എങ്കിലും അവരുടെ കഠിന ഹൃദയം യേശുവിനെ കൈക്കൊള്ളാതിരിക്കുവാൻ പുലർത്തിയ വൈമനസ്യം യേശുവിനെ എറിയുവാൻ കല്ലുപിറക്കുന്നതിൽ പര്യവസാനിക്കുന്നത് എത്രയോ ദൗർഭാഗ്യകരമാണ്!

പ്രിയരേ, വെളിപ്പെടുത്തപ്പെട്ടു കിട്ടുന്ന ക്രിസ്തുജ്ഞാനത്തെ അവ്വണ്ണം ശിരസ്സാ വഹിക്കുന്നതല്ലേ ഭാഗ്യം! അവിടുത്തെ നിരാസം ചെയ്തു നിത്യരക്ഷയിൽ നിന്നും വികർഷിക്കപ്പെടുന്നത് അത്യന്തം പരിതാപകരമായ പരിണിതി ഉളവാക്കുവാൻ മാത്രമേ ഉതകുകയുള്ളൂ എന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like