ശ്രീലങ്കയ്ക്ക് പിന്നാലെ ഇറാനിലും സാമ്പത്തിക പ്രതിസന്ധി? വിലക്കയറ്റത്തെ തുടര്‍ന്ന് ജനം തെരുവിൽ

0

ടെഹ്റാൻ: ശ്രീലങ്കയ്ക്ക് പിന്നാലെ ഇറാനും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. അവശ്യ സാധനങ്ങൾക്ക് ഒറ്റയടിക്ക് നാലിരട്ടിവരെ വില ഉയർന്നതോടെയാണ് ഇറാനിൽ ജനം തെരുവിലിറങ്ങിയത്. ഇറാനിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നാല്
പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കർശനമായ മാധ്യമ നിയന്ത്രണങ്ങൾ ഉള്ള ഇറാനിൽ നിന്ന് വാർത്തകൾ അധികമൊന്നും പുറത്തേക്ക് വരുന്നില്ല. എന്നാൽ, പ്രധാന നഗരങ്ങളിൽ ആളിക്കത്തുന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

എട്ടു കോടിയിലേറെ ജനങ്ങൾ ഉള്ള ഏഷ്യൻ രാജ്യമായ ഇറാനിൽ അവശ്യ വസ്തുക്കൾക്ക് സർക്കാർ നൽകിയിരുന്ന സബ്‌സിഡികൾ ഒറ്റയടിക്ക് നിർത്തിയതാണ് സ്ഥിതി ഗുരുതരമാക്കിയത്. പാചക എണ്ണയ്ക്കും പാലിനും ധാന്യങ്ങൾക്കും ഒറ്റയടിക്ക് വില നാലിരട്ടി വരെ ഉയർന്നു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയിക്കെതിരെയും പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്ക് എതിരെയും ജനങ്ങൾ മുദ്രാവാക്യങ്ങൾ മുഴക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മുല്ലമാരുടെ ഭരണം വേണ്ട, ഏകാധിപതികൾ തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ മുഴങ്ങുന്നുണ്ട്.

You might also like