റിയാദിൽ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്‍മക്ക് തുടക്കമാകുന്നു
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദിൽ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മ ഉടൻ നിലവിൽ വരുമെന്ന് സംഘാടക സമിതി അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ജിദ്ദയിൽ രൂപീകൃതമായ കേരള എഞ്ചിനീയർസ് ഫോറം (കെ.ഇ.എഫ്)ന്റെ റിയാദ് ഘടകമായിട്ടായിരിക്കും പുതിയ സംഘടന നിലവിൽ വരുന്നത്. ജിദ്ദയിലെ മാതൃസംഘടനയില്‍ ഇന്ന് അഞ്ഞൂറിലെറെ അംഗങ്ങളുണ്ട്.
ബിരുദദാരികളായിട്ടും തൊഴിലുമായി ഒരു ബന്ധമില്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. പുതിയ തൊഴിൽ വിസയിലെത്തി ജോലി തേടുന്നവരും അസംഖ്യമാണ്. ഇവർക്ക് കൃത്യമായ അവബോധം കൊടുക്കലും മാർഗനിർദേശം നൽകലുമായിരിക്കും സംഘടനയുടെ പ്രധാന ലക്ഷ്യം. മലയാളി എഞ്ചിനീയർമാർക്ക് പരസ്‍പരം സംവദിക്കുന്നതിനും ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനമായ വികസനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും, വ്യത്യസ്‍ത എഞ്ചിനീയറിംഗ് ശാഖകളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്‍പരം കൈമാറുന്നതിനും സംഘടന വേദിയാകും.