കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാകേന്ദ്രമെന്ന് പുതിയ കണ്ടെത്തല്‍

0

റോം: ഗ്ലാഡിയേറ്റര്‍ പോരാട്ടങ്ങള്‍ക്കും, അനേകം ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിനും വേദിയായ കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാകേന്ദ്രമായിരിന്നുവെന്ന് വെളിപ്പെടുത്തല്‍. കൊളോസിയത്തിനകത്തെ പ്രധാന കമാനങ്ങളിലൊന്നില്‍ ഉണ്ടായിരുന്ന ജറുസലേമിനെ പ്രമേയമാക്കിയ പതിനേഴാം നൂറ്റാണ്ടിലെ ചുവര്‍ ചിത്രം പുനരുദ്ധരിച്ചതില്‍ നിന്നുമാണ് കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാ കേന്ദ്രമായിരുന്നെന്ന സൂചനയിലേക്ക് വഴി തെളിയിച്ചിരിക്കുന്നതെന്ന് പ്രമുഖ മാധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

റോമന്‍ കാലഘട്ടത്തില്‍ പോരാളികള്‍ കവാത്ത് നടത്തിക്കൊണ്ടിരുന്ന ട്രയംഫല്‍ വാതിലിന് മുകളിലുള്ള കൂറ്റന്‍ കമാനത്തിലായിരുന്നു കാലപ്പഴക്കം കൊണ്ട് തീര്‍ത്തും മങ്ങിപ്പോയ ഈ പെയിന്റിംഗ് ഉണ്ടായിരുന്നതെന്നു കൊളോസിയം ഉള്‍പ്പെടുന്ന റോമന്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിന്റെ ഡയറക്ടറായ അല്‍ഫോണ്‍സോ റുസ്സോ പറഞ്ഞു. പെയിന്റിംഗ് പുനരുദ്ധരിക്കുകയും, മള്‍ട്ടിമീഡിയയുമായി ബന്ധപ്പെട്ടു വിശകലനം നടത്തുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു പക്ഷിയുടെ വീക്ഷണകോണില്‍ നിന്നുമുള്ള യേശുവിന്റെ കാലഘട്ടത്തിലെ വിശുദ്ധ നാടിന്റെ കാഴ്ചയാണ് ലഭിക്കുന്നത്. താഴെ ഒരു മൂലയിലായി കുരിശില്‍ കിടക്കുന്ന ക്രിസ്തുവിനെയും, ഉത്ഥിതനായ ക്രിസ്തുവിനെയും കാണാം.

ഇത് കൊളോസിയത്തിന്റെ ചരിത്രത്തിലെ ഒരേടാണെന്നും, വെറും മത്സരങ്ങള്‍ക്കുള്ള ഒരു വേദി മാത്രമായിരുന്നില്ല കൊളോസിയമെന്നും, വ്യത്യസ്തമായ മറ്റൊരു ഭൂതകാലം കൂടിയുള്ള ഒരു നിര്‍മ്മിതി കൂടിയാണെന്ന് തെളിയിക്കുകയാണെന്നും കൊളോസിയത്തിന്റെ ഉത്തരവാദിത്തമുള്ള പുരാവസ്തു ഗവേഷകയായ ഫെഡെറിക്കാ റിനാള്‍ഡി പറഞ്ഞു. എ.ഡി 72-ല്‍ ആദ്യത്തെ ഫ്ലാവിയന്‍ ചക്രവര്‍ത്തിയായ വെസ്പാസിയനാണ് കൊളോസിയം നിര്‍മ്മിച്ചത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകനായ ടൈറ്റസ് ഇതിന്റെ സമര്‍പ്പണം നടത്തി. നൂറ്റാണ്ടുകള്‍ക്ക് ശേഷം ക്രിസ്ത്യാനികള്‍ കൊളോസിയത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് മാര്‍പാപ്പമാരുടെ വാഴിക്കല്‍ ചടങ്ങിനോടനുബന്ധിച്ചുള്ള പ്രദിക്ഷിണങ്ങള്‍ക്ക് കൊളോസിയം വേദിയായതെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമേണ ഇത് ഒരു ദേവാലയമായി സമര്‍പ്പിക്കപ്പെടുകയായിരുന്നു. നഗരത്തിനു ചുറ്റും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കൊളോസിയത്തിലെ മാര്‍ബിളുകള്‍ നീക്കം ചെയ്യുകയും ചെയ്തു. കൊളോസിയത്തിന്റെ നീണ്ടതും സങ്കീര്‍ണ്ണവുമായ ചരിത്രത്തിലെ ഒരു പ്രഹേളികയാണ് ഈ പെയിന്റിംഗ് നല്‍കുന്നതെന്നും, ഇത് തീര്‍ച്ചയായും പൊതു ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകണമെന്നും റുസ്സോ പറഞ്ഞു. കൊളോസിയത്തിന്റെ കാലപ്പഴക്കത്തില്‍ ഗവേഷകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളില്ലായെന്നതും ശ്രദ്ധേയമാണ്.

You might also like