വർക്കുവീസയിലുള്ള മലയാളി തൊഴിലാളിക്ക് കുറച്ച് ശമ്പളം; കേരള റെസ്റ്റോറന്റിന്റേത് ഗുരുതര നിയമലംഘനമെന്ന് കോടതി
ന്യൂ സൗത്ത് വെയിൽസിലുള്ള ആദിത്യ കേരള റെസ്റ്റോറന്റിനെതിരെയാണ് ജീവനക്കാർ പരാതിയുമായി രംഗത്തെത്തിയത്. ആദിത്യ കേരള റസ്റ്റോറൻറ് ഉടമ വൈശാഖ് മോഹനൻ ഉഷക്കെതിരെയാണ് മലയാളിയായ മിഥുൻ ഭാസിയും പാക്കിസ്ഥാൻ പൗരനായ സയീദ് ഹൈദറും കോടതിയെ സമീപിച്ചത്. വളരെ കുറഞ്ഞ വേതനത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചുവെന്നായിരുന്നു അവരുടെ പരാതി.
രണ്ട് വർഷത്തോളം, ആഴ്ചയില്‍ ആറു ദിവസം പന്ത്രണ്ട് മണിക്കൂര്‍ വീതം ജോലി ചെയ്തിട്ടും 38 മണിക്കൂറിന്റെ ശമ്പളം മാത്രമാണ് നൽകിയതെന്നാണ് മിഥുൻ ഭാസിയുടെ പരാതിയിൽ പറയുന്നത്. റെസ്റ്റോറന്റ് ഉടമ രണ്ട് ലക്ഷത്തിൽപ്പരം ഡോളർ നൽകാനുണ്ടെന്നും ഇയാളുടെ പരാതിയിൽ പറയുന്നു.
2018 ജൂലൈ മാസത്തിലാണ് മിഥുൻ പരാതിയുമായി രംഗത്ത് വന്നത് പിന്നാലെ സെയ്ദ് ഹൈദറും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇരുവരുടെയും പരാതിയെ തുടർന്ന് റെസ്റ്റോറന്റിന്റെ സ്വത്തുക്കൾ ഫെഡറൽ കോടതി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച നടത്തിയ പ്രഥമിക വിധിന്യായത്തിൽ ആദിത്യ കേരള റെസ്റ്റോറന്റ് തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ഫെഡറൽ കോടതി കണ്ടെത്തി. കേരള റെസ്റ്റോറൻറ്, ജീവനക്കാർക്ക് കുറഞ്ഞ ശമ്പളമാണ് നൽകിയിരുന്നതെന്നും കോടതി നിരീക്ഷിച്ചു. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തിയതായി ജസ്റ്റിസ് ജോൺ ഹാലി പറഞ്ഞു.
പലപ്പോഴും വിശ്രമമില്ലാതെ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ നിർബന്ധിതനായിരുന്നെന്ന മിഥുൻ ഭാസിയുടെ ആരോപണം കൃത്യമായ തൊഴിൽ രേഖകളുടെ അഭാവം മൂലം ആ വാദം കോടതി തള്ളി. റസ്റ്റൊറൻറ് ഉടമ രണ്ടാഴ്ചയിലൊരിക്കൽ 1,711 ഡോളർ തനിക്ക് നൽകിയിരുന്നതായി പറഞ്ഞ മിഥുൻ ഭാസി, തൊഴിൽ വിസയുടെ ചെലവിനായി ഇതിൽ 511 ഡോളർ വീതം തിരികെ വാങ്ങിയിരുന്നതായും കോടതിയിൽ പറഞ്ഞു.
എന്നാൽ ഈ ആരോപണം നിഷേധിച്ച റെസ്റ്റോറൻറ് ഉടമ വൈശാഖ്, പരാതിക്കാരൻ തന്റെ പക്കൽ നിന്ന് കടമായി വാങ്ങിയ പണമാണ് തിരികെ നൽകിയിരുന്നതെന്ന് വാദിച്ചുവെങ്കിലും ഈ വാദം തള്ളിയ കോടതി, റെസ്റ്റോറൻറ് ഉടമയുടെ ഭാഗത്ത് നിന്നുണ്ടായത് ഫെയർ വർക്ക് ആക്ടിന്റെ ഗുരുതരമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.
റെസ്റ്റോറൻറ് ഉടമ വൈശാഖ് മോഹൻ വിസയും സ്പോൺസർ ഷിപ്പും റദ്ദ് ചെയ്യുമെന്ന് പലപ്പോഴും ഭീക്ഷണിപ്പെടുത്തിയിരുന്നതായും പരാതിക്കാർ കോടതിൽ പറഞ്ഞു. ഇതിനുള്ള തെളിവും പരാതിക്കാർ കോടതിയിൽ ഹാജരാക്കി. പരാതിക്കാരുടെ തെളിവുകൾ പരിശോധിച്ച ജസ്റ്റിസ് ഹാലി, റെസ്റ്റോറൻറ് ഉടമയുടെ പരാമർശങ്ങളിൽ പിരിച്ചുവിടൽ ഭീഷണി ഉണ്ടായിരുന്നുവെന്ന് നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരം കോടതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പിഴ, നഷ്ടപരിഹാരം,ചെലവുകൾ എന്നിവയിൽ തീരുമാനമെടിക്കുന്നതിനായി കോടതി ജൂലൈയിൽ കേസ് വീണ്ടും പരിഗണിക്കും.