7 വര്‍ഷം ഇസ്ലാമിക തീവ്രവാദികളുടെ തടങ്കലില്‍ കഴിഞ്ഞ ഓസ്ട്രേലിയന്‍ മിഷ്ണറിക്ക് മോചനം

0

മെല്‍ബണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഇസ്ലാമിക തീവ്രവാദികളുടെ തടങ്കലില്‍ കഴിഞ്ഞിരുന്ന എണ്‍പത്തിയെട്ടുകാരനായ ഓസ്ട്രേലിയന്‍ മിഷ്ണറിക്ക് ഒടുവില്‍ മോചനം. 2016-ല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ ഓസ്ട്രേലിയന്‍ സര്‍ജന്‍, ഡോക്റ്റർ കെന്നത് എലിയറ്റാണ് നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതനായത്. ദശാബ്ദങ്ങളായി ഡോക്റ്റർ കെന്നത്തും അദ്ദേഹത്തിന്റെ പത്നി ജോസെലിനും ബുര്‍ക്കിന ഫാസോയില്‍ സൗജന്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തി ക്രിസ്തുവിന്റെ സ്നേഹം പകര്‍ന്നുവരികയായിരുന്നു.

പ്രദേശവാസികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും, ആരോഗ്യ പരിപാലന സേവനങ്ങളും നല്‍കിവരവേ വടക്കന്‍ ബുര്‍ക്കിന ഫാസോയില്‍ നിന്നുമാണ് തീവ്രവാദികള്‍ ഇവരെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചകള്‍ക്ക് ശേഷം ജോസെലിന്‍ മോചിതയായിരുന്നു. തട്ടിക്കൊണ്ടുപോയ വിവരം പുറത്തുവന്നതു മുതല്‍ കെന്നത്തിന്റെ മോചനത്തിനു വേണ്ടി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ശക്തമായ മുറവിളിയുണ്ടായി.

അതേസമയം ദൈവത്തിനും, മോചനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ഇടപെട്ടവര്‍ക്കും നന്ദി അര്‍പ്പിച്ച് എലിയറ്റ് കുടുംബം രംഗത്ത് വന്നു. അദ്ദേഹത്തിനെ മോചനം സാധ്യമായതില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനും കാലാകാലങ്ങളായി ഇതിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി പറയുകയാണെന്നും ഇപ്പോഴും തീവ്രവാദികളുടെ ബന്ധനത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ സുരക്ഷിതമായി വീട്ടില്‍ എത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

വര്‍ഷങ്ങളോളം വീട്ടില്‍ നിന്നും വിട്ടുനിന്നതിനാല്‍ അദ്ദേഹത്തിന് ആരോഗ്യം വീണ്ടെടുക്കുവാന്‍ സമയം ആവശ്യമാണെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. എലിയറ്റ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ അതേ ദിവസം തന്നെ അല്‍ക്വയ്ദ ഔഗാഡൗഗുവില്‍ നിന്നും 6 കനേഡിയന്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും, അമേരിക്കക്കാരനായ ക്രിസ്ത്യന്‍ മിഷ്ണറിയും ഉള്‍പ്പെടെ 29 പേരെ കൊലപ്പെടുത്തിയിരിന്നുവെന്ന് മതപീഡനങ്ങളെ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിന്നു.

ബുര്‍ക്കിന ഫാസോയിലെ വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക തീവ്രവാദ സ്വാധീനം ക്രിസ്ത്യാനികള്‍ക്ക് കടുത്ത ഭീഷണിയാണെന്ന്‍ ഓപ്പണ്‍ഡോഴ്സ് ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ രാജ്യത്തു പതിവ് സംഭവമായി മാറുന്നുണ്ട്. ക്രിസ്ത്യാനിയായി ജീവിക്കുന്നതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഇരുപത്തിമൂന്നാമതാണ് ബുര്‍ക്കിനാ ഫാസോയുടെ സ്ഥാനം.

You might also like