സുപ്രീം കോടതി ജസ്റ്റീസുമാരുടെ വീടുകൾക്കു നേരെ ഭീഷണി
ഗർഭഛിദ്ര അവകാശം നിരോധിക്കാൻ കൂട്ടുനിന്ന സുപ്രീം കോടതിയിലെ ആറു ജസ്റ്റിസുമാരുടെ വീടുകൾക്കു നേരെ ഭീഷണി ഉയർത്തുകയും അവരുടെ മേൽവിലാസങ്ങൾ ചില ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിലും പങ്കിടുകയും ചെയ്ത് കോടതി വിധിയെ എതിർക്കുന്നവരുടെ ഭീഷണി.
‘രൂത്ത് സെന്റ് അസ്’ എന്ന ഗ്രൂപ്പ് ഈ നീക്കം നടത്തിയത് വെള്ളിയാഴ്ച രാജ്യമൊട്ടാകെ കോടതി വിധിക്കെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട നേരത്താണ്. ജസ്റ്റിസ് ക്ലാരൻസ് തോമസിന്റെ വീടിനു പുറത്തു ഡസൻ കണക്കിനു പ്രകടനക്കാർ വെള്ളിയാഴ്ച രാത്രി തടിച്ചു കൂടി. “ഞങ്ങൾക്കു സ്വകാര്യത ഇല്ലെങ്കിൽ നിങ്ങൾക്കു സ്വൈരം തരില്ല” എന്നവർ വിളിച്ചു പറഞ്ഞു. വീണ്ടും അവിടെ ഒത്തു കൂടാൻ പ്രകടനക്കാർ തീരുമാനിച്ചെന്നു റിപോർട്ടുണ്ട്.
ജസ്റ്റിസുമാരായ ബ്രെറ്റ് കാവനാഗ്, ആമി കോണി ബാരറ്റ്, സാമുവൽ അലിറ്റോ, ജോൺ റോബെർട്സ്, നീൽ ഗോർസച് എന്നിവരുടെ വീടുകളും ലക്ഷ്യമിട്ടിട്ടുണ്ടെന്നു സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നു. കോടതി വിധിയുടെ കരട് പുറത്തു വന്ന ശേഷം ആഴ്ചകളായി ഇവർ ജസ്റ്റിസുമാരുടെ വീടുകൾക്കടുത്തു ചുറ്റി നില്പായിരുന്നുവത്രേ.
പ്രതിഷേധങ്ങൾ ഭയന്നു ജസ്റ്റിസുമാരുടെ വീടുകൾക്ക് സുരക്ഷ കൂട്ടാനുള്ള ബില്ലിൽ കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ബൈഡൻ ഒപ്പു വച്ചിരുന്നു. പാവക്കുട്ടികളെ കൈയിലെടുത്തു രക്തം പുരണ്ട വസ്ത്രങ്ങളുമായി കുറേപ്പേർ കഴിഞ്ഞ ആഴ്ച ജസ്റ്റിസ് ബാരറ്റിന്റെ വീടിനു മുന്നിൽ പ്രകടനം നടത്തി. ജസ്റ്റിസ് കാവനാഗിനെ വധിക്കാൻ കലിഫോണിയയിൽ നിന്നു തോക്കുമായി വന്നു എന്ന കുറ്റം ചുമത്തി നിക്കൊളാസ് റോസ്കെ എന്ന 26 കാരനെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു.