നൈജീരിയൻ ക്രിസ്ത്യന്‍ പെണ്‍കുട്ടി ദെബോറയുടെ അരുംകൊല; ദൃക്സാക്ഷികളുടെ വിവരണം

0

സൊകോട്ടോ: പ്രവാചക നിന്ദയുടെ പേരില്‍ നൈജീരിയയിലെ സൊകോട്ടോ പ്രവിശ്യയിലെ ഷെഗു ഷഹാരി കോളേജിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവേലിനെ സഹപാഠികളായ മുസ്ലീങ്ങള്‍ കല്ലെറിഞ്ഞും, മര്‍ദ്ദിച്ചും കൊലപ്പെടുത്തി, മൃതദേഹം ചുട്ടെരിച്ച സംഭവത്തേക്കുറിച്ചു കരളലിയിപ്പിക്കുന്ന ദൃക്സാക്ഷി വിവരണങ്ങളാണ്‌ പുറത്തുവരുന്നത്‌.

സുരക്ഷ കാരണങ്ങളാല്‍ ദൃക്സാക്ഷിയുടെ യഥാര്‍ത്ഥ പേരിന് പകരം മേരി എന്ന പേരിലാണ് വിവരണം. ദെബോറയെ കൊലപ്പെടുത്തിയ അതേ ജനക്കൂട്ടത്താല്‍ താനും കൊല്ലപ്പെടേണ്ടതായിരുന്നെന്നും, പോലീസ് ക്രിയാത്മകമായി ഇടപ്പെട്ടിരുന്നെങ്കില്‍ കൊലപാതകം ഒഴിവാക്കുവാന്‍ കഴിയുമായിരുന്നെന്നും മേരി പറയുന്നു.

ഇതുവരെ പോലീസ് പറഞ്ഞുകൊണ്ടിരുന്ന വാദങ്ങളുടെ മുനയൊടിക്കുന്നതാണ് മേരിയുടെ വെളിപ്പെടുത്തല്‍. ദെബോറ കൊല്ലപ്പെട്ട ദിവസം രാവിലെ ഏതാണ്ട് ഒന്‍പതു മണിക്ക് സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് ദെബോറ മേരിയെ ഫോണില്‍ വിളിച്ചിരുന്നു. അപ്പോഴേക്കും ദെബോറയുടെ ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്ന സ്ത്രീകള്‍ അവളെ മര്‍ദ്ദിക്കുവാന്‍ തുടങ്ങിയിരുന്നുവെന്നാണ് മേരി പറയുന്നത്. തങ്ങള്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അടിച്ചമര്‍ത്തപ്പെടുകയായിരുന്നുവെന്നുമുള്ള പോലീസിന്റെ വാദത്തിന് കടകവിരുദ്ധമാണ് മേരിയുടെ വിവരണം.

ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് വിന്നിംഗ് ഓള്‍ സമൂഹാംഗമായ ദെബോറയുമായി വാട്ട്സാപ്പിലെ ഒരു ഓഡിയോ സന്ദേശത്തിന്റെ പേരില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ തര്‍ക്കിച്ചിരുന്നു. സമീപകാലത്ത് നടന്ന ഒരു പരീക്ഷയില്‍ തനിക്ക് വിജയിക്കുവാന്‍ സാധിച്ചത് യേശു കാരണമാണെന്നായിരുന്നു ഓഡിയോ സന്ദേശം. മാപ്പ് ചോദിക്കുവാന്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയെങ്കിലും പരിശുദ്ധാത്മാവിന്റെ അഗ്നിയാല്‍ തനിക്കൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞു കൊണ്ട് ദെബോറ ഭീഷണി തള്ളിക്കളഞ്ഞു. മേരി എത്തിയപ്പോള്‍ കാണുന്നത് ദെബോറയേ കോളേജിലെ സ്റ്റാഫിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതാണ്.

അവളുടെ തല പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നെന്നും മേരി പറയുന്നു. തന്നേയും ജനക്കൂട്ടം ആക്രമിക്കുവാന്‍ ശ്രമിച്ചുവെന്ന്‍ പറഞ്ഞ മേരി കോളേജിലെ ഒരു അധ്യാപകനാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. ഗാസോലിന്‍ ഉപയോഗിച്ച് ദെബോറയേ തീകൊളുത്തി കൊലപ്പെടുത്തുവാനാണ് അക്രമികള്‍ ആദ്യം ശ്രമിച്ചത്. പോലീസും സുരക്ഷ ഉദ്യോഗസ്ഥരും നോക്കി നില്‍ക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഒരു സുരക്ഷജീവനക്കാരന്‍ മാത്രം കാവല്‍ നിന്നിരുന്ന മുറിയുടെ താഴുപൊളിച്ച് അക്രമികള്‍ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്. അക്രമികളില്‍ രണ്ടു പേര്‍ ദെബോറയുടെ കഴുത്തില്‍ ചങ്ങലയിട്ട് മുറുക്കുകയും ചെയ്തു.

“ആ പെണ്‍കുട്ടി പോകട്ടെ അവളൊരു തെറ്റും ചെയ്തിട്ടില്ല” എന്ന് ജനക്കൂട്ടത്തില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന്‍ അവളെ വിട്ടെങ്കിലും, ഇരുമ്പ് ദണ്ഡും, വടിയും കൊണ്ട് മര്‍ദ്ദിക്കുകയും കല്ലെറിയുകയും ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. സംഭവം നടക്കുമ്പോള്‍ ദെബോറയുടെ ഒരു ബന്ധുവും ജനക്കൂട്ടത്തില്‍ നിന്നും 60 അടി അകലെ നിന്നുകൊണ്ട് ഇതെല്ലാം കാണുന്നുണ്ടായിരിന്നു. പോലീസ് കാര്യമായി ഇടപ്പെട്ടിരിന്നെങ്കില്‍ കൊലപാതകം ഒഴിവാക്കുവാന്‍ കഴിയുമായിരുന്നുവെന്ന്‍ തന്നെയാണ് അദ്ദേഹവും പറയുന്നത്.

സംഭവസ്ഥലത്ത് ഡസന്‍ കണക്കിന് ആയുധധാരികളായ പോലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും, അവര്‍ വെടിയുതിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാര്‍ തോക്ക് ഉപയോഗിച്ചില്ലെന്ന കാര്യം പോലീസ് കമ്മീഷണറും സമ്മതിച്ചിട്ടുണ്ട്. ദെബോറയുടെ ബന്ധു പറഞ്ഞതനുസരിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരായ 6 പേര്‍ എത്തി ആകാശത്തേക്ക് വെടിയുതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. 5 മിനിട്ടിന് ശേഷം സൊകൊട്ടോ പോലീസിലെ ഒരു സംഘം എത്തുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടുവാന്‍ 10 മിനിറ്റോളം പോലീസിനു സമയം കിട്ടിയിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു. ദെബോറയുടെ കൊലപാതകത്തിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ നിന്നു തന്നെ നൈജീരിയന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

You might also like