അശരണര്‍ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഇറ്റാലിയൻ സന്യാസിനി ഹെയ്തിയിൽ കൊല്ലപ്പെട്ടു
പോർട്ട്-ഔ-പ്രിൻസ്: അശരണര്‍ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഇറ്റാലിയൻ സന്യാസിനി ലൂയിസ ഡെൽ ഓർട്ടോ ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിൽ കൊല്ലപ്പെട്ടു. ആയുധധാരികൾ നടത്തിയ മോഷണ ശ്രമത്തിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ ഗോസ്പൽ ഓഫ് സെന്റ് ചാൾസ് ഡി ഫുക്കോൾഡ് എന്ന സന്യാസിനി സമൂഹത്തിലെ അംഗമായ ലൂയിസ കൊല്ലപ്പെട്ടതെന്ന് മാതൃരൂപതയായ മിലാൻ അതിരൂപത അറിയിച്ചു. രണ്ടുദിവസത്തിന് ശേഷം അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കവേയാണ് ലൂയിസ ഡെൽ ഓർട്ടോയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ത്രികാല പ്രാർത്ഥനക്ക് ശേഷം ലൂയിസയെ ഫ്രാൻസിസ് മാർപാപ്പ സ്മരിച്ചു.
സിസ്റ്റർ ലൂയിസയുടെ ബന്ധുക്കൾക്കും, സഹ സന്യാസിമാർക്കും താൻ സമീപസ്ഥനാണെന്ന് പാപ്പ പറഞ്ഞു. രക്തസാക്ഷിത്വം വരിക്കുന്നത് വരെ തന്റെ ജീവിതം സിസ്റ്റർ ലൂയിസ, മറ്റുള്ളവർക്ക് ഒരു സമ്മാനമാക്കി മാറ്റിയെന്ന് പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ അവരുടെ ആത്മാവിനെ ദൈവത്തിന് ഭരമേൽപിക്കുകയും, ഹെയ്തിയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തങ്ങളോടൊപ്പം മറ്റാരെങ്കിലും ഉണ്ട് എന്ന ബോധ്യം ജീവിക്കാൻ വേണ്ടി പ്രധാനപ്പെട്ടതാണെന്നാണ് അക്രമങ്ങളും പ്രകൃതിദുരന്തവും, നിത്യ സംഭവമായി മാറിയ ദരിദ്ര രാജ്യമായ ഹെയ്തിയിൽ ശുശ്രൂഷ ചെയ്യുന്നത് തുടരാൻ എടുത്ത തീരുമാനത്തിന് കാരണമായി സിസ്റ്റർ ലൂയിസ കഴിഞ്ഞവർഷം എഴുതിയിരുന്നു.
എന്തെങ്കിലും സംഭവിക്കുമെന്ന് ലൂയിസയ്ക്ക് ഉറപ്പുണ്ടായിരുന്നുവെന്നും, ഏറ്റവും അവസാനം അയച്ച കത്തിൽ സാഹചര്യം ബുദ്ധിമുട്ടേറിയതാണെന്ന് അവർ സൂചിപ്പിച്ചിരുന്നുവെന്നും ലൂയിസയുടെ സഹോദരിയായ മരിയ ഡെൽ ഓർട്ടോ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. എന്നാൽ അവിടെ തന്നെ തുടരാനും, സാക്ഷ്യം നൽകാനും ഉറച്ച തീരുമാനം ലൂയിസ എടുത്തിരുന്നു. വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡിന്റെ മാതൃകയിൽ ജീവിച്ച് വിശുദ്ധനെ പോലെ തന്നെ മരിക്കാൻ സഹോദരിക്ക് സാധിച്ചു എന്നതിൽ മരിയ ആശ്വാസം കണ്ടെത്തുന്നു.
രാജ്യതലസ്ഥാനത്തിന്റെ പുറത്ത് ഒരു അനാഥാലയം സന്ദർശിക്കാൻ നോർത്ത് അമേരിക്കയിൽ നിന്ന് എത്തിയ 17 മിഷ്ണറിമാരെയും, അവരുടെ കുടുംബാംഗങ്ങളെയും ക്രിമിനൽ സംഘം കഴിഞ്ഞവർഷം തട്ടിക്കൊണ്ടുപോയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.