ഇസ്ലാമികവത്ക്കരിക്കപ്പെട്ട പുതിയ പാഠ്യപദ്ധതി പിന്‍വലിക്കണമെന്നു ആവശ്യം ശക്തം
ലാഹോര്‍: പാക്കിസ്ഥാനിലെ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ട പുതിയ പാഠ്യപദ്ധതി പിന്‍വലിക്കണമെന്നും വിദ്യാഭ്യാസ നയവും പാഠ്യപദ്ധതിയും ദേശീയ അന്തര്‍ദേശീയ മനുഷ്യാവകാശ ചട്ടക്കൂടുകള്‍ക്ക് അനുസൃതമായിരിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ ക്രിസ്തീയ സംഘടനകൾ. ഭാഷ, സാമൂഹിക ശാസ്ത്രം പോലെയുള്ള നിര്‍ബന്ധിത വിഷയങ്ങളില്‍ ഇസ്ലാമിക പ്രബോധനം ഒരു പ്രധാന ഭാഗമാക്കി പരിഷ്‌കരിച്ച സ്കൂള്‍ പാഠ്യപദ്ധതി പിന്‍വലിക്കണമെന്ന് പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജൂലൈ 20ന് ലാഹോര്‍ പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് രാജ്യത്തെ ഏക പാഠ്യപദ്ധതിയിലെ (എസ്.എന്‍.സി) പുസ്തകങ്ങളില്‍ ഇസ്ലാമിക ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ പാക്ക് മെത്രാന്‍ സമിതിയുടെ ‘നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്’ (എന്‍.സി.ജെ.പി) ആശങ്ക അറിയിച്ചത്.
രാഷ്ട്രത്തിന്റെ അഭിപ്രായ സമന്വയം എസ്.എന്‍.സി മാനിക്കുന്നില്ലെന്നും, പതിനെട്ടാം ഭരണഘടനാ ഭേദഗതി അനുസരിച്ച് വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രവിശ്യകള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങളുടെ ലംഘനമാണിതെന്നും ‘എന്‍.സി.ജെ.പി’യുടെ ഡെപ്യൂട്ടി ഡയറക്ടറായ കാഷിഫ് അസ്ലം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസം ശക്തമായ പഞ്ചാബ് പ്രവിശ്യയിലെ സര്‍ക്കാര്‍ ഗുണപരവും, എല്ലാവരെയും ഉള്‍കൊള്ളുന്നതുമായ പുസ്തകങ്ങള്‍ക്ക് വേണ്ടിയുള്ള അര്‍ത്ഥവത്തായ കൂടിയാലോചനകള്‍ നടത്തണമെന്നും അസ്ലം ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കാലത്താണ് രാജ്യത്തുടനീളമുള്ള ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായമായി ‘എസ്.എന്‍.സി’യെ അവതരിപ്പിക്കുന്നത്. അന്നുമുതല്‍ പാക്കിസ്ഥാന്റെ മത, സാംസ്കാരിക വൈവിധ്യത്തെ അംഗീകരിക്കാത്തതിന്റെ പേരില്‍ വിദ്യാഭ്യാസ സമ്പ്രദായം കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.
മദ്രസ്സകളോടുള്ള ഇമ്രാന്‍ ഖാന്റെ ചായ്‌വ് ഇസ്ലാമിക ചിന്തകളില്‍ നിന്നും സ്വതന്ത്രമായി ചിന്തിക്കുവാനുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദരുടെ ആശങ്ക. പഞ്ചാബ് പ്രവിശ്യയിലെ ഫെഡറല്‍ മിനിസ്ട്രി ഫോര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് പ്രൊഫഷണല്‍ ട്രെയിനിംഗ് ഓഗസ്റ്റില്‍ തുടങ്ങുവാനിരിക്കുന്ന പുതിയ വിദ്യാഭ്യാസ സെഷനില്‍ 6-8 ഗ്രേഡുകളിലേക്കുള്ള ‘എസ്.എന്‍.സി’യുടെ രണ്ടാം ഘട്ടം അവതരിപ്പിക്കുവാനിരിക്കെ കത്തോലിക്ക വിദ്യാഭ്യാസ വിദഗ്ദരും കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളെ സ്വന്തം മതമല്ലാതെ മറ്റ് മതങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിന് പാകിസ്ഥാനില്‍ ഭരണഘടനാപരമായ വിലക്കുണ്ട്. മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം മതത്തേക്കുറിച്ചല്ലാതെ ഇതര മതങ്ങളെക്കുറിച്ച് പഠിക്കേണ്ടിവരാത്തപ്പോള്‍ ഇതര മതസ്ഥരായ കുട്ടികള്‍ക്ക് മൂന്നാം ക്ലാസ്സുമുതല്‍ ഇസ്ലാം മതം പഠിക്കുവാന്‍ നിര്‍ബന്ധിതരായി തീരുന്നതാണ് ആശങ്ക ഉളവാക്കുന്നത്.