കേരളത്തിലെ ക്യാമ്പസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി വി. ശിവന്‍കുട്ടി
കേരളത്തിലെ ക്യാമ്പസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്യപ്രാപ്തി എത്താന്‍ കരിയര്‍ ഗൈഡന്‍സ് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും വിവിധ കോഴ്സുകളെ പറ്റിയുള്ള അവബോധം സര്‍ക്കാര്‍ കരിയര്‍ ഗൈഡന്‍സിലൂടെ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തില്‍ പാപ്പനംകോട് ഉടന്‍ തന്നെ ഒരു കരിയര്‍ ഗൈഡന്‍സ് സ്ഥാപനം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാമനപുരം നിയോജകമണ്ഡത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ‘അക്ഷരോത്സവം 2022’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വാമനപുരം എം.എല്‍.എ ഡി.കെ മുരളിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റും(കിലെ) ചേര്‍ന്നാണ് അക്ഷരോത്സവം പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസും നല്‍കി. വാമനപുരം നിയോജക മണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 515 വിദ്യാര്‍ത്ഥികളെയാണ് മൊമെന്റോ നല്‍കി അനുമോദിച്ചത്.
വെഞ്ഞാറമൂട് കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡി. കെ. മുരളി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ മാധവികുട്ടി മുഖ്യാതിഥിയായി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, പനവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി, വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. എസ്. ശ്രീവിദ്യ, പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ രാജേഷ്, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ് മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.