അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കും: ഡെപ്യുട്ടി സ്പീക്കര്‍
അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന സര്‍ക്കാരിന്റെ വലിയ ലക്ഷ്യം ജില്ലയില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി അതിദാരിദ്ര്യ കുടുംബങ്ങള്‍ക്കായുള്ള മൈക്രോ പ്ലാന്‍ തയാറാക്കാനുള്ള പഞ്ചായത്ത് റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള കിലയുടെ ജില്ലാതല പരിശീലനം പഴകുളം പാസ് ട്രെയിനിംഗ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അതിദാരിദ്ര്യ കുടുംബങ്ങള്‍ക്കുള്ള മൈക്രോ പ്ലാനുകള്‍ അടിയന്തിരം, ഹൃസ്വകാലം, ദീര്‍ഘകാലം എന്നിങ്ങനെ കണ്ടെത്തി പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര്‍. അജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു. സി. മാത്യു, പറക്കോട് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.