വാട്‌സാപ് വിറ്റേക്കാമെന്ന് വെളിപ്പെടുത്തല്‍
ടെക് ലോകത്തെ ജനപ്രിയ മെസേജിങ് സേവനം വാട്‌സാപ്പിന് താമസിയാതെ മാസവരി ഏര്‍പ്പെടുത്തിയാല്‍ അദ്ഭുതപ്പെടേണ്ട. ഫെയ്‌സ്ബുക് (മെറ്റാ) ഏറ്റെടുത്ത ആപ്പുകളിലൊന്നായ വാട്‌സാപ് വില്‍ക്കുന്ന കാര്യം കമ്പനി പരിഗണിക്കുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഫെയ്‌സ്ബുക് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വാട്‌സാപ് വില്‍ക്കുന്ന കാര്യം കമ്പനി ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് പരിഗണിക്കുന്നു എന്ന വാര്‍ത്ത വന്നിരിക്കുന്നത്.
അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള മേഖലകള്‍ പ്രധാന സന്ദേശ കൈമാറ്റ ആപ്പുകളെല്ലാം ഒരാള്‍ നിയന്ത്രിക്കുന്നതിനെതിരെ താമസിയാതെ നിലപാട് എടുക്കാനുള്ള സാധ്യതയും ഉണ്ട്. ഷോർട്ട് വിഡിയോ കൈമാറുന്ന ആപ്പായ ടിക്‌ടോക്കിന്റെ അപ്രതീക്ഷിത മുന്നേറ്റവും സക്കര്‍ബര്‍ഗിനെ വിറപ്പിച്ചു.
ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ച പോലും മുരടിച്ചു. ഇതു കൂടാതെ ഫെയ്‌സ്ബുക് ഇനി മെറ്റാവേഴ്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതും വാട്‌സാപ്പിനെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്കു നയിച്ചേക്കാം. പക്ഷേ, അതിനെല്ലാം പുറമെ പണത്തിന്റെ കളികളും വാട്‌സാപ് വില്‍ക്കാന്‍ സക്കര്‍ബര്‍ഗിനെ പ്രേരിപ്പിച്ചേക്കാം എന്നാണ് മനസ്സിലാകുന്നത്.