സങ്കീര്‍ത്തനം 139 ന്റെ വ്യാഖ്യാനം യു.എസ് കോടതിയിൽ മുഴങ്ങുന്നു
റോ വേഴ്സ് വേഡ് വിധി റദ്ദാക്കിയ യു.എസ്. സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധവും അനുകൂലാഭിപ്രായവും ഒരു മാസത്തിന് ശേഷവും തുടരുകയാണ്. എട്ട് സംസ്ഥാനങ്ങൾ വ്യവസ്ഥകളോടെ അബോർഷൻ നിരോധിച്ചിരിക്കുന്നു. ഇതിനെതിരെ നിയമയുദ്ധം തുടരുന്നു. മറ്റ് ചില സംസ്ഥാനങ്ങൾ ഗർഭഛിദ്രം അനുവദിക്കുന്നു. ഇതിനെതിരെയും കോടതികളിൽ കേസുകൾ നടക്കുന്നു. കോടതികളിലും നിയമ നിർമ്മാണ സഭകളിലും നടക്കുന്ന വാദപ്രതിവാദങ്ങളിൽ വാചാലരാകുന്നവർ തിടുക്കത്തിൽ ബൈബിളിന്റെ പേജുകൾ മറിച്ചു നോക്കുന്നത് കൗതുകകരമായ കാഴ്ചയായ്മാറുകയാണ്. ബൈബിളിൽ നിന്ന് അവർ ഉദ്ധരിക്കുന്ന ഭാഗം സങ്കീർത്തനം അദ്ധ്യായം 139 ആണ്. ദാവീദ് രാജാവ് പ്രാർത്ഥിക്കുന്നത് പോലെ ജീവൻ ആരംഭിച്ചത് അത് ഉരുവാകുന്നത് മുതലാണെന്ന് വാദിച്ച് സമർത്ഥിക്കുവാനാണ് ബൈബിളിന്റെ സഹായം തേടുന്നത്.
എന്നാൽ എബ്രായ ഭാഷയിൽനിന്ന് പരിഭാഷപ്പെടുത്തിയപ്പോൾ ചില പിശകുകളും അപൂർണ്ണതകളും സംഭവിച്ചതായി ചിലർ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായി ഇത് ജീവന്റെ ആരംഭമായി പരിഗണിക്കണമെങ്കിൽ സൂക്ഷ്മമായ പരിശോധന ആവശ്യമാണ്. എബ്രായ ഭാഷയിൽ കിഡ്നി എന്ന് പരാമർശിച്ചത് ആന്തരികാവയവങ്ങൾ എന്നാണ് പരിഭാഷപ്പെടുത്തിയത്. ഗർഭധാരണത്തിന്റെ അഞ്ചാഴ്ച കഴിഞ്ഞു മാത്രമേ കിഡ്നി രൂപപ്പെടൂ. രണ്ടാം പാദത്തിൽ മാത്രമേ പ്രവർത്തിച്ചു തുടങ്ങൂ എന്നാണ് ശാസ്ത്രം പറയുന്നത്. പതിനഞ്ചാം വാക്യത്തിൽ തന്റെ ‘ഫ്രെയിം’ ദൈവത്തിന് അപ്രത്യക്ഷമായിരുന്നില്ല എന്ന് ദാവീദ് പറയുന്നു. യഥാർത്ഥ വാക്ക് എല്ലുകൾ ആണ്. ഭ്രൂണത്തിന്റെ എല്ലുകൾ ദൃഢമാകുന്നത് 13-ാമത്തെ ആഴ്ചയാണ്. ഈ സമയത്താണ് കിഡ്നിയും പ്രവർത്തനക്ഷമമാവുന്നത്.
ബൈബിൾ വായിക്കുകയും പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ മറ്റ് മതഗ്രന്ഥങ്ങളെപ്പോലെ ഓരോ അദ്ധ്യായത്തിന്റെയും സാന്ദർഭിക പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്. സങ്കീർത്തനം 139 ാ ം അധ്യായം ശിശുക്കളെകുറിച്ചോ ഗർഭധാരണത്തെകുറിച്ചോ ജീവൻ എപ്പോൾ ആരംഭിക്കുന്നു എന്നതിനെകുറിച്ചോ അല്ല. ജെറമിയ ഒന്ന്, 5 ൽ ദൈവം ജെറമിയ ഉരുവാകുന്നതിന് മുമ്പേ അറിഞ്ഞിരുന്നു എന്ന് പറയുന്നുണ്ട്. അതും ജീവൻ എപ്പോഴാണ് ആരംഭിക്കുന്നത് എന്ന് പറയുന്നില്ല.
ഒരു വാഷിംഗ്ടൺ പോസ്റ്റ്- ഷാർ സ്ക്കൂൾ അഭിപ്രായ സർവേയിൽ മൂന്നിൽ രണ്ടുപേരും സുപ്രീംകോടതി വിധിക്ക് എതിരാണെന്ന് പറഞ്ഞു. എന്നാൽ മറ്റൊരു സർവേയിൽ ഗർഭഛിദ്രം നടത്താൻ അനുവദിച്ചില്ലെങ്കിൽ അതിനെതിരെ പ്രതികരിക്കാതെ മുന്നോട്ടുപോകുമെന്ന് 75% പറഞ്ഞു.
യു.എസിൽ ഈ വിഷയത്തിൽ ആവശ്യമായ സഹായം നൽകാൻ ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്. ബക്ക്നർ ഫാമിലി പാത്ത്വസ് പ്രോഗ്രാം, ബക്ക്നർ ഫാമിലി ആന്റ് പ്രൊട്ടക്ടീവ് സർവീസസിന്റെ കീഴിലുള്ള റിസോർഴ്സ് സെന്ററുകൾ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഗർഭഛിദ്രം നടത്താനാവില്ല എന്ന് പറഞ്ഞ് മടക്കി അയക്കപ്പെടുന്നവരിൽ 75% സ്ത്രീകളും അബോർഷൻ നടത്തുന്ന മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകാറുണ്ടെന്ന് ടെക്സസ് ട്രിബ്യൂണിന്റെ ഡേറ്റ അനാലിസസ് പറയുന്നു.