യുപിയിൽ ജന്മദിനാഘോഷത്തിനിടെ പ്രാര്‍ത്ഥന നടത്തിയ 6 ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ

0

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ച് ഏരിയയിലെ അസ്മാഗഗഡില്‍ ജന്മദിനാഘോഷത്തിനിടെ നടത്തിയ പ്രാര്‍ത്ഥനയുടെ പേരില്‍ 6 ദളിത്‌ ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ. ജൂലൈ 30ന് നടന്ന ജന്മദിനാഘോഷം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷദിന്റെ (വി.എച്ച്.പി) വ്യാജ ആരോപണത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. അതേസമയം അവിടെ നടന്ന പ്രാര്‍ത്ഥന രാഷ്ട്രീയ നേട്ടത്തിനായി വി.എച്ച്.പി മതപരിവര്‍ത്തനത്തിനുള്ള ശ്രമമാക്കി വരുത്തിത്തീര്‍ക്കുകയായിരുന്നെന്നാണ് അറസ്റ്റിലായവരുടെ അഭിഭാഷകനും, കുടുംബാംഗങ്ങളും പറയുന്നത്. ഇന്ദ്ര കാലാ, സുബഗി ദേവി, സാധ്ന സവിത, സുനിത എന്നിവരേയാണ് ഇന്ദ്ര കാലായുടെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിനിടെ വി.എച്ച്.പി ബ്ലോക്ക് പ്രസിഡന്റ് അഷുതോഷ് സിംഗിന്റെ വ്യാജ പരാതിയുടെ പുറത്ത് യു.പി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജന്മദിനാഘോഷത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിവ് കിട്ടിയതായും, തങ്ങള്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തുവെന്നു ജിജി അഷുതോഷ് സിംഗ് ആരോപിച്ചു. സ്ത്രീകള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും സിംഗിന്റെ പരാതിയില്‍ പറയുന്നുണ്ട്. പീനല്‍ കോഡിലെ 504, 506 വകുപ്പുകള്‍ അനുസരിച്ച് സമാധാന ലംഘനത്തിനും, ഭീഷണിപ്പെടുത്തലിനുമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ സ്ത്രീകളെ പ്രത്യേകമായി സി.ജെ.എം കോടതിയിലാണ് ഹാജരാക്കിയതെന്നതും സംശയാസ്പദമാണ്. ഓഗസ്റ്റ് 16-ന് ഈ കേസ് വീണ്ടും പരിഗണിക്കും.

അതേസമയം ജന്മദിനാഘോഷത്തില്‍ പരസ്പരം അറിയാവുന്നവരും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. യേശുവില്‍ വിശ്വസിക്കുന്ന അവര്‍ കേക്ക് മുറിക്കുന്നതിനു മുന്‍പ് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനിടയില്‍ അമിത് സിംഗ് എന്ന യുവാവ് അവിടെ എത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുകയായിരുന്നുവെന്നും സാമൂഹ്യ പ്രവര്‍ത്തകനായ ദിനനാഥ്‌ ജെയിസ്വാര്‍ പറഞ്ഞു. ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു സ്ത്രീകളുടെ അഭിഭാഷകനായ മുനീഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യയില്‍ രാഷ്ട്രീയ നേട്ടത്തിനും ജനസമ്മതിക്കുമായി നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുന്നത് പച്ച പരമാര്‍ത്ഥമാണെന്നും, സ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടതില്‍ രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ വികലാംഗയും, മറ്റൊരാള്‍ക്ക് ഭിന്നശേഷിയുള്ള കുട്ടിയുമുണ്ട്.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് മുന്നൂറോളം കുറ്റകൃത്യങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ നടന്നിട്ടുള്ളത്‌. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.

You might also like