പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് ആപ്പിൾ; തൊഴിലിടത്ത് ഇനി ജാതി പറയരുത്…

0

ജാതിവിവേചനം നിയമപരമായി കുറ്റമാണെങ്കിലും ഇന്നും നമുക്കിടയിൽ സുലപമായി നിലനിൽക്കുന്ന കുറ്റകൃത്യമാണ് ജാതിയെ കുറിച്ചുള്ള മോശമായ പരാമർശവും വിവേചനവുമെല്ലാം. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ജാതിയെ ചൊല്ലിയുള്ള വിവേചനം നിലനിൽക്കുന്നുണ്ട്. എന്നാൽ ജീവനക്കാരുടെ പെരുമാറ്റ നയം പുതുക്കുന്നതിന്റെ ഭാഗമായി പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. തൊഴിലിടത്ത് ജാതിപരമായ വിവേചനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ജാതി, മതം, വംശപരമ്പര, ലിംഗഭേദം, പ്രായം തുടങ്ങിയ വിവേചനങ്ങളൊന്നും കമ്പനിയിൽ നിലനിൽക്കാൻ പാടില്ല എന്നാണ് കമ്പനിയുടെ പുതിയ മാറ്റം.

രണ്ടു വർഷം മുൻപാണ് ഇത്തരമൊരു നിലപാടുമായി ആപ്പിൾ ആദ്യമായി രംഗത്തെത്തിയത്. 2020 ജൂണിലാണ് കമ്പനിയിൽ ജാതി സംബന്ധമായ പ്രശ്നം ഉയർന്നുവന്നത്. അമേരിക്കൻ വിവേചന നിയമങ്ങളിൽ ജാതി പ്രശ്നങ്ങൾ പരിഗണിക്കപ്പെടുന്നില്ല എന്ന് പൊതുവിൽ പറയപ്പെടാറുള്ള ഒന്നാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾ അമേരിക്കയിൽ ജാതി സംബന്ധിച്ച പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ ഇത്തരമൊരു മുന്നേറ്റം അമേരിക്കൻ കമ്പനികളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 സെപ്റ്റംബർ മുതൽ തൊഴിലിടത്തിലെ തുല്യ പരിഗണന, പീഡന വിരുദ്ധ വിഭാഗങ്ങൾ എന്നിവയിൽ ജാതിയെ കൂടി ആപ്പിൾ ഉൾപ്പെടുത്തിയിരുന്നു എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. ജാതിയത നിരോധിക്കുന്നതിനുള്ള നടപടികളുമായി ആദ്യമായി മുന്നോട്ട് വരുന്ന ഒരു അമേരിക്കൻ കമ്പനിയാണ് ആപ്പിൾ. ജൂണിൽ സിസ്‌കോയ്‌ക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസാണ് ഇതിന് കാരണമായത്.

You might also like