നൈജീരിയ, ടരാബായില്‍ ഇരുപതിലധികം ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
അബുജ: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയ നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. ടരാബാ സംസ്ഥാനത്തിലെ ഗാസോള്‍, ബാലി കൗണ്ടികളിലായി ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇതിനു പുറമേ കത്തോലിക്ക മതബോധന അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ISWAP) ആണ് ആക്രമത്തിന് പിന്നിലെന്നു കരുതപ്പെടുന്നു.
ഗസോള്‍ കൗണ്ടിയിലെ വുരോ ബുക്കി, ഡാഡിന്‍ കോവാ, യോള-കാരെജെ, ബാബ അസോ, സിപ്, നാംനായി എന്നീ ഗ്രാമങ്ങളിലും, ബാലി കൗണ്ടിയിലെ ബാബാ ജൂലി, ഗര്‍വാ, മാലം ബാബ, ബൊക്കി എന്നീ ഗ്രാമങ്ങളിലും ക്രൈസ്തവര്‍ക്കെതിരേ ആക്രമണങ്ങള്‍ ഉണ്ടായെന്ന് പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12-ന് ഗാസോളിലെ കാരെകുകാ ഗ്രാമത്തില്‍ ഉണ്ടായ ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14-ന് ബാലി കൗണ്ടിയിലെ ബോര്‍നോ-കുര്‍കു ഗ്രാമത്തിലെ ടാവെര്‍ഷിമ എന്ന ക്രൈസ്തവനെ തീവ്രവാദികള്‍ വെടിവെച്ച് പരിക്കേല്‍പ്പിക്കുകയുണ്ടായി.
ഗാസോള്‍ കൗണ്ടിയിലെ ദിന്യാ ഗ്രാമത്തിലെ സെന്റ് ആഗ്നസ് ദേവാലയത്തിലെ മതബോധന അധ്യാപികയായ ഗിദിയോണ്‍ ത്സെഹെമ്പായെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 14-ന് തട്ടിക്കൊണ്ടുപോയത്. ദേവാലയത്തില്‍ പ്രവേശിച്ച അക്രമികള്‍ മതബോധന അദ്ധ്യാപികയെ തോക്കുചൂണ്ടി ദേവാലയത്തില്‍ വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നുവെന്ന് ഇടവക വികാരിയായ ഫാ. ലോറന്‍സ് അവുവ പറഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ ഇതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക തീവ്രവാദികളും, ഫുലാനി ഗോത്ര വര്‍ഗ്ഗക്കാരും നിരപരാധികളായ ക്രൈസ്തവരെ കൊലപ്പെടുത്തുന്നതും തട്ടിക്കൊണ്ടുപോകുന്നതും സംസ്ഥാനത്ത് പതിവായിരിക്കുകയാണെന്നു ബാലി സ്വദേശിയായ അയുബ മാത്യു പറഞ്ഞു. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും കാരണം കാരല്‍, ണ്ടിയാന്‍വൊ, വുറോജാം, അയിനാമ, ഗാരിന്‍ കാര്‍ഫെ, വുരോ ജിങ്ങി, ജൌരോ മാനു, ഗാരിന്‍ ഗിഡാഡോ, ഗുരോവാ, കാരെകുകാ, ചുള്‍ തുടങ്ങിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016-ല്‍ അബൂബേക്കര്‍ ഷെക്കാവുവിന്റെ നേതൃത്വത്തില്‍ ബൊക്കോ ഹറാമില്‍ നിന്നും വേര്‍പിരിഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് ‘മധ്യ നൈജീരിയന്‍ കാലിഫേറ്റിന്റെ സൈനികര്‍’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നൈജീരിയയില്‍ 2020 ഒക്ടോബര്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ 4,650 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പറയുന്നത്.
മുന്‍ വര്‍ഷത്തില്‍ ഇത് 3,530 ആയിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് (2,500). ഓപ്പണ്‍ഡോഴ്സിന്റെ ക്രിസ്ത്യാനിയായി ജീവിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.