ഹ്രസ്വകാലത്തേക്ക് ഉയർന്ന പലിശയുമായി എസ്ബിഐ ഉത്സവ് സ്ഥിര നിക്ഷേപം
സ്വതന്ത്ര ഇന്ത്യയിൽ നിക്ഷേപത്തിന് നൂറ് കണക്കിന് മാർഗങ്ങളുണ്ടെങ്കിലും ഇന്നും സ്ഥിര നിക്ഷേപത്തിന് ആവശ്യക്കാർ ഏറെയുണ്ട്. രണ്ടക്കത്തിൽ നിന്ന് ഒറ്റ അക്കത്തിലേക്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് താഴ്ന്നെങ്കിലും സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്ന നിക്ഷേപകരുടെ ഇഷ്ട തിരഞ്ഞെടുപ്പാണിവ. പലിശ നിരക്ക് ഉയർന്നു വരുന്ന കാലത്ത് സ്വാതന്ത്ര്യദിനത്തിൽ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യത്തിന്റെ 76ാം വാര്‍ഷികത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച പുതിയ പദ്ധതിയാണ് എസ്ബിഐ ഉത്സവ് സ്ഥിര നിക്ഷേപം. ബാങ്ക് നിലവില്‍ നല്‍കുന്ന സ്ഥിര നിക്ഷേപ പലിശയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പലിശ നല്‍കുന്നതിനൊപ്പം ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപമാണിത്.
1000 ദിവസത്തേക്കുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപമാണ് എസ്ബിഐ ഉത്സവ് സ്ഥിര നിക്ഷേപം. സാധാരണ നിക്ഷേപകര്‍കര്‍ക്ക് 6.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 6.60 ശതമാനം ഹ്രസ്വകാലത്തേക്ക് ലഭിക്കും. നിലവിൽ ബാങ്ക് നൽകുന്ന വീകെയർ സ്ഥിര നിക്ഷേപപത്തേക്കാൾ ഉയർന്ന നിരക്കാണിത്. 2022 ആഗസ്റ്റ് 15 മുതല്‍ ഈ പദ്ധതി നിലവില്‍ വന്നു. ചുരുങ്ങിയ കാലത്തേക്കുള്ള പദ്ധതിയായതിനാല്‍ 75 ദിവസത്തിനുള്ളില്‍ സ്ഥിര നിക്ഷേപമിടുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.
ഈയിടെ എസ്ബിഐ സാധാരണ നിക്ഷേപങ്ങളുടെ പലിശ നിരക്കും ഉയര്‍ത്തിയിരുന്നു. ഓഗസ്റ്റ് 13ന് വിവിധ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.15 ശതമാനമാണ് നിരക്കുയര്‍ത്തിയത്. 5 വര്‍ഷ കാലാവധിയുള്ളതും 10 വര്‍ഷം വരെയുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് 5.65 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.45 ശതമാനവും ലഭിക്കും.
180 ദിവസത്തിനും 210 ദിവസത്തിനും ഇടയില്‍- 4.55 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ -5.45 ശതമാനം.
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ- 5.50 ശതമാനം.
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ- 5.60 ശതമാനം.
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ- 5.65 ശതമാനം.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശ നിരക്ക് ലഭിക്കും. എന്നാല്‍ 5 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിർന്ന പൗരന്മാര്‍ക്ക് ബോണസ് നിരക്ക് ലഭിക്കും. എസ്ബിഐ വീകെയര്‍ എഫ്ഡികളുടെ ഭാഗമായി 0.50 ശതമാനത്തിന് പുറമെ 0.30 ശതമാനം അധിക നിരക്ക് ലഭിക്കും. ഇതു പ്രകാരം 5 വര്‍ഷത്തിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 6.45 ശതമാനം പലിശ ലഭിക്കും. സെപ്റ്റംബര്‍ 30 വരെയാണ് വീകെയര്‍ സ്ഥിര നിക്ഷേപത്തിൽ ചേരാൻ സാധിക്കുക.
എസ്ബിഐയിൽ സ്ഥിര നിക്ഷേപം നടത്താൻ കുറഞ്ഞത് 1,000 രൂപയാണ് ആവശ്യം. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. ഉയർന്ന പരിധിയില്ല. മുകളിൽ നൽകിയ പലിശ നിരക്ക് 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതാണ്. പലിശ ത്രൈമാസത്തിലോ കാലാവധിയിലോ ആണ് നിക്ഷേപകര്‍ക്ക് നല്‍കുക. എന്നാല്‍ നിക്ഷേപകരുടെ ആവശ്യാനുസരണം മാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പലിശ നല്‍കും. 12 മാസത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്കാണിത് ബാധകമാവുക. നിക്ഷേപത്തിന് മുകളില്‍ വായ്പയെടുക്കാനും സാധിക്കും. എസ്ബിഐയില്‍ നെറ്റ്ബാങ്കിംഗ്, യോനോ ആപ്പ് വഴിയും ബ്രാഞ്ചില്‍ നേരിട്ടെത്തിയും സ്ഥിര നിക്ഷേപം നടത്താം.