നൈജീരിയയില്‍ 4 കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി
ഇമോ: നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് തങ്ങളുടെ നാല് കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയതായി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍ സന്യാസിനി സമൂഹം. സിസ്റ്റര്‍ ജോഹന്നാസ് ന്വോഡോ, സിസ്റ്റര്‍ ക്രിസ്റ്റബെൽ എചെമസു, സിസ്റ്റര്‍ ലിബറാറ്റ എംബാമലു, സിസ്റ്റര്‍ ബെനിറ്റ അഗു എന്നിവരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതെന്ന്‍ കന്യാസ്ത്രീ സമൂഹത്തിന്റെ സെക്രട്ടറി ജനറൽ സിസ്റ്റർ സിറ്റ ഇഹെഡോറോ ഇന്നലെ ഓഗസ്റ്റ് 21നു പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ കുർബാനയ്‌ക്ക് പോകുന്നതിനിടെ ഒകിഗ്‌വേ-എനുഗു എക്‌സ്‌പ്രസ്‌വേയുടെ ഒകിഗ്‌വെ-ഉമുലോലോയുടെ സമീപമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
“ഞങ്ങളുടെ സഹോദരിമാരെ തട്ടിക്കൊണ്ടുപോയത് വളരെ വേദനയോടെയാണ് ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്: അവരുടെ പെട്ടെന്നുള്ളതും സുരക്ഷിതവുമായ മോചനത്തിനായി തീവ്രമായ പ്രാർത്ഥനയ്ക്കായി ഞങ്ങൾ അഭ്യർത്ഥിക്കുന്നു. രക്ഷകനായ യേശു ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കട്ടെ,”- സിസ്റ്റർ സിറ്റ പ്രസ്താവനയില്‍ കുറിച്ചു. സമീപ വർഷങ്ങളിൽ നൈജീരിയയില്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നതും നിഷ്ഠൂരമായി കൊലപ്പെടുത്തുന്നതും വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കന്യാസ്ത്രീകളെ തട്ടിക്കൊണ്ടു പോയത്.