മെക്സിക്കന്‍ വൈദികരുടെ കൊലപാതകം; നീതി ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ഒപ്പിട്ട് പതിനായിരങ്ങള്‍

0

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഇക്കഴിഞ്ഞ ജൂൺ മാസം ദാരുണമായി കൊല്ലപ്പെട്ട രണ്ട് കത്തോലിക്ക വൈദികർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 33,000 ആളുകൾ ഒപ്പിട്ട നിവേദനം ആക്ടിവേറ്റ് എന്ന സംഘടന അധികൃതർക്ക് കൈമാറി. ഓഗസ്റ്റ് 24നു ആഭ്യന്തര മന്ത്രാലയത്തിനും, അറ്റോർണി ജനറലിന്റെ ഓഫീസിനുമാണ് നിവേദനം കൈമാറിയത്. ചിഹുവാഹുവ എന്ന സംസ്ഥാനത്ത് സിറോകാഹുയി എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ദേവാലയത്തിൽവെച്ചാണ് ഫാ. ജാവിയർ കാമ്പോസ് എന്ന വൈദികനെയും, ജോവാക്യുൻ സീസർ എന്ന വൈദികനെയും തോക്കുധാരി കൊലപ്പെടുത്തിയത്. ജൂൺ ഇരുപതാം തീയതി നടന്ന അക്രമത്തിൽ പ്രദേശത്തെ ഒരു വ്യാപാരിയും കൊല്ലപ്പെട്ടിരുന്നു.  

ജെസ്യൂട്ട് വൈദികരുടെ കൊലപാതകം നടത്തിയ സംഘത്തിൽപ്പെട്ട ഏതാനും ചിലരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകിയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. കൊല നടത്തിയ ആളെ പിടികൂടിയാല്‍ മാത്രമേ നീതി പൂർണ്ണമാകുകയുള്ളൂവെന്ന് ആക്ടിവേറ്റ് സംഘടനയുടെ അധ്യക്ഷ പദവി വഹിക്കുന്ന ജെയിംസ് എയ്ഞ്ചൽ സൂബർവില്ലേ പറഞ്ഞു. നോരിയൽ പോർട്ടില്ലോ എന്ന വ്യക്തിയാണ് മൂന്നു പേരെ കൊലപ്പെടുത്തിയതെന്നാണ് മെക്സിക്കൻ അധികൃതർ പറയുന്നത്. സംസ്ഥാനത്തെ അറ്റോണി ജനറൽ പ്രതിയെ കണ്ടെത്താന്‍ വിവരം നൽകുന്നവർക്ക് രണ്ടര ലക്ഷം യുഎസ് ഡോളർ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും വൈദിക കൊലപാതകം അരങ്ങേറുന്ന രാജ്യമാണ് മെക്സിക്കോ.

You might also like