‘വേള്‍ഡ് ട്രേഡ് സെന്റര്‍ ക്രോസ്’ വീണ്ടും വാര്‍ത്തകളില്‍
ന്യൂയോര്‍ക്ക്: ലോകത്തെ തന്നെ നടുക്കിയ സെപ്റ്റംബര്‍ 11നു വേള്‍ഡ് ട്രേഡ് സെന്‍റര്‍ തീവ്രവാദി ആക്രമണം നടന്ന് 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന അവസരത്തില്‍ ആക്രമണത്തിനിരയായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശേഷിപ്പുകളില്‍ നിന്നും കണ്ടെടുത്ത ഉരുക്കു ബീമുകള്‍ കൊണ്ട് നിര്‍മ്മിച്ച കുരിശ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ആക്രമണത്തിന്റെ ദുഃഖഭാരത്തില്‍ കഴിഞ്ഞിരുന്ന ന്യൂയോര്‍ക്ക് ജനതക്ക് ‘വേള്‍ഡ് ട്രേഡ് സെന്റര്‍ ക്രോസ്’ അഥവാ ‘ഗ്രൗണ്ട് സീറോ ക്രോസ്’ എന്നറിയപ്പെടുന്ന ഈ കുരിശ് അക്ഷരാര്‍ത്ഥത്തില്‍ ഒരത്ഭുതമായിരുന്നു. 5 മീറ്ററോളം വരുന്ന ഈ കുരിശ് കണ്ടെടുക്കുമ്പോള്‍ അതിന് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ലായെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്.
വൃത്തിയാക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം 2006 ഒക്ടോബര്‍ 5-ന് ഈ കുരിശ് മാന്‍ഹട്ടനിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലേക്ക് മാറ്റിയിരിന്നു. 9/11 സ്മാരകത്തിന്റെയും, മ്യൂസിയത്തിന്റേയും നിര്‍മ്മാണം പ്രഖ്യാപിച്ച അവസരത്തില്‍ ഈ കുരിശ് അങ്ങോട്ട് മാറ്റുമെന്ന്‍ അറിയിച്ചിരുന്നു. പിന്നീടത് ഗ്രൗണ്ട് സീറോയിലേക്ക് മാറ്റുകയും അന്നുമുതല്‍ നാഷണല്‍ 9/11 മെമോറിയല്‍ മ്യൂസിയത്തിന്റെ ഭാഗമായി കുരിശ് രൂപം സഞ്ചാരികളെ ആകര്‍ഷിച്ചു വരികയാണ്.
എന്നാല്‍ ഈ കുരിശ് പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഒരു നിരീശ്വരവാദി സംഘടന രംഗത്ത് വന്നിട്ടുണ്ട്. ഇതൊരു മതപരമായ അടയാളമാണെന്നും ഇവിടെ പ്രതിഷ്ഠിച്ചത് ശരിയല്ലെന്നുമാണ് സംഘടനവാദം. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവക്ക് ആശ്വാസത്തിന്റെ അടയാളമായ ഗ്രൗണ്ട് സീറോ ക്രോസ്- രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, അഗ്നിശമന സേനാ വിഭാഗങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രതീക്ഷയായാണ് കണക്കാക്കുന്നത്. 2006-ല്‍ പുറത്തിറങ്ങിയ ‘ദി ക്രോസ് ആന്‍ഡ് ദി ടവേഴ്സ്’ എന്ന അവാര്‍ഡിനര്‍ഹമായ ഡോക്യുമെന്ററി ഗ്രൗണ്ട് സീറോ ക്രോസിനെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.