ദൈവനീതിയുടെ ചുവരെഴുത്തുകൾ

0

യെഹെ. 8:4 “അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനം പോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നു.”

യഹൂദാ മൂപ്പന്മാർ ദൈവാലയത്തിൽ ചെയ്യുന്ന മ്ലേച്ഛതകൾ (8:1-6), മിസ്രയീമ്യ മാതൃകയിൽ ഇഴജാതികളുടെയും മൃഗങ്ങളുടെയും ചിത്രം വരയ്ക്കപ്പെട്ട യഹോവയുടെ ആലയത്തിന്റെ ഭിത്തികൾ (8:7-12), ഫൊയ്നിക്യരുടെ മാതൃകയിൽ തമ്മൂസിനെ കുറിച്ച് വിലപിക്കുന്ന സ്ത്രീകൾ (8:13-14), പേർഷ്യക്കാരുടെ രീതിയിൽ കിഴക്കോട്ടു തിരിഞ്ഞു സൂര്യനമസ്കാരം ചെയ്യുന്ന പുരുഷന്മാർ (8:15-16), യഹൂദയുടെ അത്യന്തം ഗുരുതരമായ മ്ലേച്ഛതകളും അനിവാര്യമായ ന്യായവിധിയും (8:17-18) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെഹെസ്കേലിന്റെ വിളിയ്ക്കു ശേഷം അതായത് സുമാർ പതിനാലു വർഷങ്ങൾക്കു ശേഷം, തനിക്കുണ്ടായ ദർശനത്തിന്റെ വായനയാണ് ഈ അദ്ധ്യായം. ക്ഷൗരം ചെയ്യപ്പെട്ട തന്റെ തലമുടി (5:1) വളർന്നതിനു ശേഷം (8:3) ദൈവകരങ്ങളാൽ തലമുടിയ്ക്കു പിടിയ്ക്കപ്പെട്ട പ്രവാചകൻ ദിവ്യദർശങ്ങളിൽ യെരൂശലേമിലേക്കു കൊണ്ടുവരപ്പെട്ടു. അതായത്, ശാരീരികമായി പ്രവാചകൻ ബാബേലിൽ (3:15) ആയിരിക്കുന്നു; എന്നാൽ ആത്മാവിൽ പ്രവാചകൻ യെരുശലേം ദൈവാലയത്തിന്റെ വടക്കോട്ടുള്ള അകത്തെ വാതിൽക്കൽ (8:3) എത്തിച്ചേരുന്നു. ദൈവത്തിന്റെ മഹത്വം ഇറങ്ങി ആവസിക്കുന്ന ആ ഇടത്ത് എമ്പാടും അന്യാരാധനയുടെ വസ്തുക്കൾ (8:3c) അഥവാ “തീഷ്ണതാ ബിംബത്തിന്റെ ഇരിപ്പിടം” കാണപ്പെടുന്നു. മാത്രമല്ല, മഹാമ്ലേച്ഛതകളും (8:6), വല്ലാത്ത മ്ലേച്ഛതകളും (8:9) ഇഴജന്തുക്കളുടെയും മൃഗങ്ങളുടെയും ചുവർചിത്രങ്ങളും (8:10), തമ്മൂസിനെ ചൊല്ലിവിലപിക്കുന്ന സ്ത്രീകളും (8:14) കിഴക്കോട്ടു മുഖം തിരിച്ചുള്ള സൂര്യാരാധനയും (8:16) ഇങ്ങനെ യിസ്രായേലിന്റെ അതിഭയങ്കര ആത്മീക അധഃപതനത്തിന്റെ ചിത്രം ഇവിടെ വ്യക്തമാക്കപ്പെടുന്നു. ജനത്തിന്റെ മേൽ ഇത്ര ഭയാനകമായ ന്യായവിധി ആഞ്ഞടിക്കുവാൻ കാരണം തിരയുന്നവർക്കു ഉത്തമമായ ഉത്തരമാണ് ഈ അദ്ധ്യായത്തിന്റെ കാതൽപ്രമേയം എന്നു കുറിയ്ക്കുവാനാണ് പ്രേരണ! ജാതീയ ആരാധനയുടെ അതിപ്രസരം യെരുശലേമിൽ കൊടികുത്തി വാഴുന്ന പശ്ചാത്തലമാണ് ഇത്തരമൊരു അനുക്രമത്തിനു കാരണമായതെന്ന് പ്രവാചകൻ അർദ്ധശങ്കയ്ക്കിടയില്ലാത്ത വിധം വരച്ചുകാട്ടുന്നെന്നു സംഗ്രഹിക്കാം!

പ്രിയരേ, ദൈവിക ന്യായവിധിയുടെ പൊരുൾ കണ്ടത്തുക അത്ര ‘ആനകേറാമല’യൊന്നുമല്ല! പകരം സമയാസമയങ്ങളിൽ കാലനീതിയുടെ ചുവരെഴുത്തുകളായി വായിച്ചെടുക്കുവാൻ പാകത്തിന് അവ വെളിപ്പെടുത്തപ്പെടുക തന്നെ ചെയ്യും. കാരണം, അവിടുത്തെ നീതിയ്‌ക്കെതിരെ വിരൽചൂണ്ടുവാൻ അവിടൂന്നു ആരെയും അനുവദിക്കുകയില്ല; അത്രതന്നെ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like