പ്രതിദിന ചിന്ത | രണ്ടും മൂന്നും ലോകസാമ്രാജ്യങ്ങളുടെ വിശദീകരണം

0

ദാനി. 8:17 “അപ്പോൾ ഞാൻ നിന്നിടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.”

ദാനിയേൽ കണ്ട തമ്മിൽ എതിർപ്പെടുന്ന ആട്ടുകൊറ്റന്റെയും കോലാട്ടുകൊറ്റന്റെയും സ്വപ്നം (8:1-14), ആട്ടുകൊറ്റന്റെ പൊരുൾ (8:15-20), കോലാട്ടുകൊറ്റന്റെ പൊരുൾ (8:21-22), ചെറിയ കൊമ്പിന്റെ പൊരുൾ (8:23-25), സ്വപ്നം ദാനിയേലിൽ വരുത്തിയ സ്വാധീനം (8:26-27) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ അഥവാ ബി സി 551 ൽ ഏലാം സംസ്ഥാനത്തിലെ ശൂശൻ രാജധാനിയിൽ ആയിരിക്കുമ്പോൾ ഊലായി നദീതീരത്തു നില്ക്കുന്നതായി ദാനിയേലിനു ഉണ്ടായ ദർശനമാണ് പശ്ചാത്തലം. നെബൂഖദ്‌നേസറിന്റെയും ദാനിയേലിന്റെയും ദർശനങ്ങളിലെ രണ്ടും മൂന്നും ലോകസാമ്രാജ്യങ്ങളെ അഥവാ മേദ്യ-പേർഷ്യൻ സാമ്രാജ്യങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിശദീകരണങ്ങളായി ഈ അദ്ധ്യായത്തെ കാണുന്നതാണെനിക്കിഷ്ടം. രണ്ടു കൊമ്പുകളുള്ള ഒരു ആട്ടുകൊറ്റൻ നദീതീരത്തു നില്ക്കുന്നത് (8:3) ദാനിയേൽ കാണുന്നു. നീണ്ട കൊമ്പുകളിൽ ഒന്ന് മറ്റേതിനേക്കാൾ നീളം കുറഞ്ഞതായിരുന്നു. അതായത്, പേർഷ്യ, മേദ്യയെക്കാൾ താരതമ്യേന ബലഹീന രാജ്യമായിരുന്നു. എന്നാൽ കോരെശിന്റെ കീഴിൽ ബി സി 550 ൽ ഈ സാമ്രാജ്യം ശക്തിപ്പെട്ടു. ഈ ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഉഗ്രകോപത്തോടെ അക്രമണോത്സുകനായി ഇടിക്കുന്നത്, മേദ്യ-പേർഷ്യരുടെ (8:20) അതിശക്തമായ മുന്നേറ്റത്തിന്റെ സൂചനയാണ്. അനുബന്ധമായി പടിഞ്ഞാറു നിന്നും നിലം തൊടാതെ സർവ്വഭൂതലത്തിലും കൂടെ കടന്നുവരുന്ന കോലാട്ടുകൊറ്റൻ മൂന്നാമത്തെ ലോകസാമ്രാജ്യമായ ഗ്രീക്ക് സാമ്രാജ്യമാണ്. “കോലാട്ടുകൊറ്റന്റെ കണ്ണുകളുടെ നടുവിലുള്ള വിശേഷമായ കൊമ്പു” മഹാനായ അലക്‌സാണ്ടറിനെ (8:5,21) പ്രതിനിധീകരിക്കുന്നു. ബി സി 334 – 331 കാലഘട്ടത്തിൽ താൻ നടത്തിയ സൈനിക മുന്നേറ്റം അവിശ്വസനീയവും അത്ഭുതാവഹവുമായിരുന്നു. ഏഷ്യാ മൈനർ, സിറിയ, ഈജിപ്ത്, മെസൊപ്പൊട്ടോമിയ മുതലായ രാജ്യങ്ങളെ നിഷ്പ്രയാസം കീഴടക്കിയ അലക്‌സാണ്ടർ തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മരണമടഞ്ഞു. അതോടെ ഗ്രീസ് സാമ്രാജ്യം തന്റെ പട്ടാള ജനറൽമാരായിരുന്ന കസാണ്ടർ, ലിസിമാക്കസ്, സെല്യൂക്കസ്, ടോളമി എന്നിവർ യഥാക്രമം, മാസിഡോണിയ, ത്രേസും ഏഷ്യാ മൈനറിന്റെ മുഖ്യഭാഗങ്ങളും, സിറിയ, ഈജിപ്ത് എന്നിങ്ങനെ വിഭജിച്ചെടുത്തു (8:22).

പ്രിയരേ, ദൈവിക പഞ്ചാംഗത്തിന്റെ കൃത്യമായ നിയതി വിഘാതങ്ങളെ അതിജീവിച്ചു സംഭവിക്കുക തന്നെ ചെയ്യും. ലോകചരിത്രത്തിന്റെ ആലേഖനങ്ങളിൽ ദൈവിക ഇടപെടൽ സുവിദിതമാകുമ്പോൾ തിരുവെഴുത്തുകളുടെ ആധികാരികതയല്ലേ അധികം ഉറപ്പാകപ്പെടുന്നത്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like