നൈജീരിയന്‍ ജനതയുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകണം: ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ
കടുണ: ജെറുസലേമില്‍ തീര്‍ത്ഥാടനത്തിന് പോകുന്നതിനേക്കാള്‍ തങ്ങളെ ഇപ്പോള്‍ അലട്ടുന്നത് സംസ്ഥാനത്തിലെ സമാധാനവും അരക്ഷിതാവസ്ഥയുമാണെന്ന് നൈജീരിയന്‍ സംഘടനയായ ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സിഎഎന്‍). ഭൂരിഭാഗവും ക്രൈസ്തവരും തങ്ങളുടെ സമ്പാദ്യം മുഴുവനും ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ മോചനത്തിനായി ചെലവഴിച്ചത് വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നു സംഘടന പറയുന്നു. വിശ്വാസികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ ആവശ്യപ്പെടുന്ന വന്‍തുകകള്‍ മോചനദ്രവ്യമായി നല്‍കുവാന്‍ കഷ്ടപ്പെടുകയാണെന്നു സംഘടന ചൂണ്ടിക്കാട്ടി.
തീര്‍ത്ഥാടനം ഇപ്പോള്‍ തങ്ങളുടെ പരിഗണനയില്‍ ഇല്ല. ജനങ്ങളെ എങ്ങനെ സുരക്ഷിതരാക്കാമെന്നതിനും, എങ്ങനെ സമാധാനത്തോടെ ജീവിക്കാമെന്നതിനുമാണ് ഇപ്പോള്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും സിഎഎന്‍ ആസ്ഥാനം സന്ദര്‍ശിച്ച കടുണ സംസ്ഥാന പില്‍ഗ്രിം വെല്‍ഫെയര്‍ ഏജന്‍സിയുടെ എക്സിക്യുട്ടീവ് സെക്രട്ടറിയായ മല്ലം യാക്കൂബ് അരിഗാരായുവിനോട് ചെയര്‍മാന്‍ റവ. ജോണ്‍ ജോസഫ് ഹയ്യാബ് പറഞ്ഞു. കവര്‍ച്ചക്കാര്‍ക്ക് ദശലക്ഷകണക്കിന് നൈറ മോചനദ്രവ്യമായി നല്‍കിയ ക്രൈസ്തവര്‍ക്ക് തീര്‍ത്ഥാടനത്തിന് വേണ്ട പണം കണ്ടെത്തുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ കരുതുന്നത് കടുണയില്‍ എല്ലാം നന്നായി പോകുന്നുണ്ടെന്നാണ്. എന്നാല്‍ തട്ടിക്കൊണ്ടുപോകലുകളെ കുറിച്ച് പറയാതിരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുകയില്ല. എല്ലാ ദിവസവും ഇത് സംഭവിക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കുവാന്‍ എങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നതിനെ കുറിച്ചാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും റവ. ജോണ്‍ ജോസഫ് പറഞ്ഞു. അരക്ഷിതാവസ്ഥ കാരണം ജനങ്ങള്‍ ഭീതിയിലാണെന്ന് പറഞ്ഞ അദ്ദേഹം ഇതിനെതിരെ എല്ലാ ഏജന്‍സികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ദേവാലയങ്ങളില്‍ നിന്നും വരുന്ന നേര്‍ച്ച പണം മുഴുവന്‍ കൊള്ളക്കാര്‍ക്ക് മോചനദ്രവ്യമായി നല്‍കി കഴിഞ്ഞുവെന്നും റവ. ജോണ്‍ ജോസഫ് പറഞ്ഞു.
നൈജീരിയയില്‍ തട്ടിക്കൊണ്ടുപോകല്‍ തുടര്‍ക്കഥയായി മാറിയ 2019-ന് ശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ അഞ്ഞൂറോളം ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകലിനിരയായിട്ടുണ്ടെന്നും ഏതാണ്ട് 30 കോടി നൈറ മോചനദ്രവ്യമായി നല്‍കിയിട്ടുണ്ടെന്നും റവ. ജോണ്‍ ജോസഫ് ചൂണ്ടിക്കാട്ടി. അടുത്തകാലത്ത് നൈജീരിയൻ ക്രൈസ്തവർക്ക് വിശുദ്ധ നാട്ടിലേക്ക് യാത്ര നടത്തുവാൻ വേണ്ട ഗ്രാന്റ് അനുവദിച്ചിരുന്നു. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് സംഘടനയുടെ പ്രതികരണം.