പ്രതിദിന ചിന്ത | പതിർ പോലെ പാറിപ്പോകുന്ന ദിവസങ്ങൾ
സെഫന്യാവ് 2:1,2 “നാണമില്ലാത്ത ജാതിയേ, നിർണ്ണയം ഫലിക്കുന്നതിന്നു മുമ്പെ -ദിവസം പതിർപോലെ പാറിപ്പോകുന്നു- യഹോവയുടെ ഉഗ്രകോപം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ!.”
മാനസാന്തരത്തിലേക്കുള്ള ആഹ്വാനം (2:1-3), പടിഞ്ഞാറുള്ള ഫെലിസ്ത്യരുടെ മേലും (2:4-7), കിഴക്കുള്ള അമ്മോന്റെമേലും (2:8-11), തെക്കുള്ള കൂശിന്റെമേലും (2:12), വടക്കുള്ള അശൂരിൻറെ മേലും (2:13-15) വരുവാനുള്ള ന്യായവിധി എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യഹൂദയെ “നാണമില്ലാത്ത ജാതിയേ” (2:1) എന്നു അഭിസംബോധന ചെയ്യുവാൻ പ്രവാചകൻ മടിയ്ക്കുന്നില്ല! “നിർണ്ണയം ഫലിക്കുന്നതിനു മുമ്പേ” എന്ന പദപ്രയോഗത്തിൽ അടുത്തിരിക്കുന്ന ന്യായവിധിയുടെ കൃത്യത ചൂണ്ടികാണിക്കപ്പെടുന്നു എന്നു കരുതുന്നതാണെനിക്കിഷ്ടം! മാനസാന്തരത്തിലൂടെ ദൈവത്തിങ്കലേക്കുള്ള തിരിച്ചു വരവിനു തയ്യാറാകുന്ന പക്ഷം യഹോവയുടെ നിർണ്ണയം അഥവാ ന്യായവിധി വഴിമാറിപ്പോകുമെന്ന ദൈവപക്ഷത്തിന്റെ ഔദാര്യം വച്ചു നീട്ടപ്പെടുന്നു. എന്നാൽ അതിനു വരുത്തുന്ന കാലതാമസം ആത്മഹത്യാപരമായ സ്ഥിതിവിശേഷം ആണെന്നുള്ള ധ്വനിയും വരികളിലെ വായനയാകുന്നു. അതായത്, “ദിവസം പതിർ പോലെ പാറിപ്പോകുന്നു” എന്ന പദത്തിന്റെ സൂചനയാണ് എന്റെ ആശയത്തിന്റെ അടിസ്ഥാനം. പിന്മാറ്റത്തിനും ദൈവത്തെ ഉപേക്ഷിക്കുന്നതിനും ഏറെ കാലപ്പഴക്കം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ന്യായവിധയുടെ നാളിലേക്കുള്ള ദൂരം ഇനിയും അധികമില്ല. ബാബേൽ പ്രവാസം പടിവാതിൽക്കൽ അണഞ്ഞിരിക്കുന്നു! ഇനിയുമുള്ള ഓരോ ദിവസവും പതിരിന്റെ പാറൽ അഥവാ പറക്കൽ പോലെ ഹൃസ്വദൂരം താണ്ടുവാൻ മാത്രമേ അവശേഷിക്കുന്നുള്ളൂ! ഇനീയും വരുത്തുന്ന കാലവിളംബം മാനസാന്തരത്തിലേക്കും അതിലൂടെ സ്വൈരവാസത്തിനുമുള്ള ദൈവിക കരുണയുടെ അടച്ചുകളയലിനു മാത്രമേ ഇടവരുത്തുകയുള്ളൂ എന്ന പ്രവാചക വാക്കുകൾക്കു മാറ്റേറെയുണ്ട്! യഹൂദയോട് മാത്രമല്ല, നാലുദിക്കുകളിലേക്കും വീശിയടിക്കുന്ന ചക്രവാതം കണക്കെ ചുറ്റുമുള്ള രാജ്യങ്ങളോടും ഒന്നുകിൽ മാനസാന്തരത്തിനു അല്ലെങ്കിൽ ന്യായവിധിയ്ക്കു ഒരുങ്ങിയിരിക്കുവാൻ പ്രവാചകൻ ആഹ്വാനം ചെയ്യുന്നു!
പ്രിയരേ, ദിവസങ്ങളുടെ കഴിഞ്ഞുപോകൽ പുഷ്പദളങ്ങളുടെ കൊഴിഞ്ഞുപോകലിനു സമാനമാണ്; പാറിപ്പോകുന്ന പതിർ പോലെ മാത്രം! തിരിച്ചറിവില്ലാതെയുള്ള ജീവിത ശൈലികൾ അനിവാര്യമാക്കിയ ന്യായവിധിയിൽ നിന്നുള്ള ഒഴിഞ്ഞുപോകലിനു മാനസാന്തരമല്ലാതെ മറ്റൊരു അനായാസത ഇല്ലെന്നു നാം പഠിയ്ക്കണം. ആകയാൽ കൃപയുടെ വാതായനം കൊട്ടിയടയ്ക്കപ്പെടും മുമ്പേ അവിടുത്തെ കരുണയിൽ ശരണപ്പെടുവാൻ മനസ്സുള്ളവർ ധന്യരത്രേ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.