പ്രതിദിന ചിന്ത | മുടങ്ങിപ്പോയ ആലയത്തിന്റെ പണിയും തട്ടിട്ട വീടുകളും

0

ഹഗ്ഗായി 1:4 “ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?.”

എഴുത്തുകാരന്റെ പരിചയവും പശ്ചാത്തലവും (1:1-2), തത്കാല പരിസരങ്ങളുടെ ഓർമ്മപ്പെടുത്തലും തർജ്ജനവും (1:3-6), ദൈവപ്രസാദത്തിനുള്ള പോംവഴി (1:7-8), കാർഷിക മേഖലയിലെ തിരിച്ചടികൾ ദൈവിക ഇടപെടലിന്റെ പരിണിതി ആയിരുന്നെന്ന വെളിപ്പെടുത്തൽ (1:9-11), പ്രവാചക ശബ്ദത്തോടുള്ള ജനത്തിന്റെ ക്രിയാത്മകമായ പ്രതികരണം (1:12-15) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“എന്റെ വിരുന്നു” എന്നു പേരിന്നർത്ഥമുള്ള ഹഗ്ഗായി പ്രവാചകൻ ബി സി 520 ൽ എഴുതിയെന്നു കരുതുന്ന പുസ്തകമാണിത്. ബാബേൽ പ്രവാസാനന്തരം ആദ്യം മുഴങ്ങിയ പ്രവാചക ശബ്ദമാണ് ഹഗ്ഗായിയുടേത്. സെഖര്യാ പ്രവാചകന്റെ സമകാലീനനായിരുന്ന ഹഗ്ഗായി, സെരുബ്ബാബേലിന്റെ ഒപ്പം പ്രവാസത്തിൽ നിന്നും മടങ്ങി വരുകയും സുമാർ പതിനഞ്ചു വർഷത്തോളമായി മുടങ്ങിക്കിടന്ന ആലയത്തിന്റെ പണി പുനരാരംഭിക്കുവാൻ ജനത്തെ ആഹ്വാനം ചെയ്യുകയും അതിന്റെ പൂർത്തീകരണം നടത്തുന്നതിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു. യഹൂദയുടെ ഗവർണറായി നിയോഗിക്കപ്പെട്ടിരുന്ന സെരുബ്ബാബേലിനെയും മഹാപുരോഹിതനായിരുന്ന യോശുവയെയും വിശേഷാൽ അഭിസംബോധന ചെയ്തുകൊണ്ട് എഴുതപ്പെട്ട രണ്ടു അദ്ധ്യായങ്ങളും (2) മുപ്പത്തെട്ടു (38) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തേഴാം (37) പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.

ബി സി 522 ൽ പേർഷ്യൻ സിംഹാസനത്തിലേറിയ ദാര്യാവേശ് ഒന്നാമൻ അഥവാ ഹിസ്റ്റാപ്പസ് രാജാവ് യഹൂദാ രാജാവായിരുന്ന യഹോയാഖീന്റെ കൊച്ചുമകനായ സെരുബ്ബാബേലിനെ (1 ദിന. 3:17) യഹൂദാ പ്രവിശ്യയുടെ ഗവർണറായി അവരോധിച്ചു. കൂടാതെ ബാബേൽ പ്രവാസകാലത്തു മഹാപുരോഹിതനായിരുന്ന യെഹോസാദാക്കിന്റെ (1 ദിന. 6:15) മകൻ യോശുവ മഹാപുരോഹിത ദൗത്യവും ചെയ്തു വന്നിരുന്നു. സുമാർ പതിനഞ്ചു വർഷങ്ങൾക്കു മുമ്പേ ആരംഭിച്ചതും എന്നാൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നതുമായ യഹോവയുടെ ആലയം പണി പുനരാരംഭിക്കുവാൻ ജനത്തിന്റെ പ്രമാണിമാരെ ഉത്സാഹിപ്പിക്കുന്ന ദൗത്യമാണ് ഹഗ്ഗായി പ്രവാചകൻ നിർവ്വഹിച്ചു വന്നത്. യിസ്രായേലിന്റെ മഹത്വവും പുകഴ്ചയുമായ ദൈവാലയം ശൂന്യതയിലും വിസ്‌മൃതിയിലും ആണ്ടുപോയപ്പോൾ “തട്ടിട്ട വീടുകളിൽ പാർക്കുന്ന” യഹൂദയുടെ ‘മനോവൈകല്യം’ വിമർശനവിധേയമാകുന്നു. മാത്രമല്ല പ്രവാസാനന്തരവും ദേശത്തിന്മേൽ ആഞ്ഞടിച്ച തിരിച്ചടികളും (1:6) പ്രതീക്ഷാഭംഗങ്ങളും (1:9) കാർഷിക മേഖലയിലെ വറുതികളും (1:11) ആലയം പണിയുന്ന കാര്യത്തിൽ ജനം അവലംബിച്ച അലംഭാവത്തോടുള്ള ദൈവത്തിന്റെ ഇടപെടലായിരുന്നു എന്നാണ് പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നത്.

പ്രിയരേ, ദൈവാന്വേഷണത്തിനും ആത്മീക അന്തർവീക്ഷണത്തിനും തയ്യാറാകാതെയുള്ള സകല ആഡംബരങ്ങളും ദൈവപ്രസാദം വരുത്തുവാൻ ഉതകുന്ന ഘടകങ്ങളേ അല്ലെന്നുള്ള തിരിച്ചറിവല്ലേ ശരിയായ ഉൾബോധം! സെരുബ്ബാബേലും യോശുവയും സത്വരമായി സ്വീകരിച്ച രാഷ്ട്രീയമായും ആത്മീകവുമായ ചുവടുവയ്പ്പുകൾ ജനത്തിനിടയിലും ദേശത്തും വരുത്തിയ സമൂലമായ മാറ്റങ്ങൾ ഈ പുസ്തകത്തിന്റെ തുടർവായനയാകുന്നുണ്ട്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like