പ്രതിദിന ചിന്ത | ദൈവഭയവും മനുഷ്യശങ്കയും
ലൂക്കോസ് 18:7 “ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?.”
മടുപ്പില്ലാത്ത പ്രാർത്ഥനയ്ക്ക് പ്രോത്സാഹിപ്പിക്കുന്ന ഉപമ (18:1-8), സ്വയനീതീകരണത്തിൽ ഊന്നിയുള്ള പ്രാർത്ഥനയ്ക്കെതിരെ യേശുവിന്റെ വിമർശനം (18:9-14), ശിശുക്കളെ യേശു തൊട്ടനുഗ്രഹിക്കുന്നു (18:15-17), ധനികനായ പ്രമാണിയുടെ നിരാശ (18:18-30), യേശുവിന്റെ മരണം സംബന്ധിച്ച മുന്നറിയിപ്പ് (18:31-34), യെരീഹോവിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു കുരുടൻ സൗഖ്യം പ്രാപിക്കുന്നു (18:35-43) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
പ്രാർത്ഥനയെ സംബന്ധിച്ചുള്ള രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകൾ വർണ്ണിക്കുന്ന രണ്ടു ഉപമകളുടെ വർണ്ണനയാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായനകളിൽ ചിലതു. പ്രാർത്ഥനയിൽ സ്ഥിരോത്സാഹവും സഹിഷ്ണുതയും പുലർത്തേണമെന്ന പാഠമാണ് ഒന്നാമത്തെ ഉപമയുടെ ഇതിവൃത്തം. രണ്ടാമത്തെ ഉപമയാകട്ടെ, സ്വയനീതീകരണത്തിന്റെ പുറംചട്ടയ്ക്കുള്ളിൽ ഒളിച്ചിരുന്ന് അനുതാപിയോട് നിരാസം പുലർത്തുന്ന വികല മനോഭാവത്തിനെതിരെയുള്ള ആഞ്ഞടിക്കൽ ആയിരുന്നു. ഒന്നാമത്തെ ഉപമയിൽ ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപനും തന്റെ ന്യായപാലന അധികാരസീമയിൽ പെട്ട ഒരു വിധവയും ആണ് കഥാപാത്രങ്ങൾ. തന്റെ ന്യായമായ കാര്യസാധ്യത്തിനായി ഏറെനാളുകൾ നിരവധി തവണ ആ വിധവ ന്യായാധിപനെ സമീപിച്ചെങ്കിലും തെല്ലും പരിഗണന കൊടുക്കുവാൻ താൻ തയ്യാറായില്ല. അതിനു കാരണം യേശു ചൂണ്ടികാണിക്കുന്നത് ന്യായാധിപന് ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല എന്നാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ സമൂഹത്തിന്റെ മുഖ്യധാരയുടെ അച്ചുതണ്ടിൽ ചേർത്തു നിർത്തുന്ന രണ്ടു ഘടകങ്ങളാണ് മേൽപ്പറയപ്പെട്ടവ. പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന ഈ ഘടകങ്ങൾ ഒരുവനെ ഉത്തരവാദിത്വത്തിലും കാര്യഗൗരവത്തിലും പിടിച്ചു നിർത്തുമെന്നാണ് ഞാൻ കരുതുന്നത്. മറ്റൊരർത്ഥതിൽ, ദൈവത്തെക്കുറിച്ചുള്ള ഒരുവന്റെ കാഴ്ചപ്പാടു മനുഷ്യനോടുള്ള അവന്റെ കാഴ്ചപ്പാടിനെ കാര്യമായി തന്നെ ബാധിക്കുമെന്നു കുറിയ്ക്കാം. ന്യായാധിപന്റെ അഹങ്കാരമായി താൻ കൊണ്ടുനടക്കുന്ന മേൽക്കുറിപ്പായിരുന്നു ഈ മനോഭാവമെന്ന് നാലാം വാക്യത്തിലെ പ്രസ്താവനയിൽ തെളിയുന്നു. ആയതിനാൽ തന്നെ തന്റെ ഉത്തരവാദിത്വങ്ങൾ നേരാംവണ്ണം നിർവ്വഹിക്കുവാൻ ആ ന്യായാധിപനാകുന്നില്ല എന്നു തന്നെ ഉറപ്പായി ചിന്തിക്കുന്നതിൽ തെറ്റുണ്ടോ!
പ്രിയരേ, സാമൂഹിക കടപ്പാടുകൾ ഏവംവിധം നിർവ്വഹിക്കുവാൻ ദൈവഭയവും മനുഷ്യശങ്കയും കൂടിയേ തീരൂ. അതില്ലാത്ത ജീവിതക്രമം ആരിലായാലും അപകടകരമായ പരിണിതി മാത്രമേ ഉളവാക്കുകയുള്ളൂ. ദൈവഭയം വരുവാനുള്ള ന്യായവിധിയിൽ നിന്നും മനുഷ്യശങ്ക അനാവശ്യ പ്രതിസന്ധികളിൽ നിന്നും ഒരുവനെ അകറ്റിനിർത്തും; തീർച്ച!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.