ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷ്ണറിക്കു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം
നിയാമേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മിഷ്ണറി സന്നദ്ധ പ്രവര്‍ത്തകനും, ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനും മോചിതരായി. അമേരിക്കന്‍ മിഷ്ണറിയായ ജെഫ്രി വുഡ്കെയെ 6 വര്‍ഷങ്ങള്‍ക്ക് മുന്‍പും, ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ഒലിവിയര്‍ ഡുബോയിസ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പുമാണ് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം കൂടാതെയാണ് ജെഫ്രിയുടെ മോചനം സാധ്യമായതെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഡുബോയിസിന്റെ മോചനം സാധ്യമായതിനേക്കുറിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നൈജര്‍ സന്ദര്‍ശിക്കുകയും, സാഹേല്‍ മേഖലക്ക് 15 കോടി ഡോളറിന്റെ നേരിട്ടുള്ള ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. പ്രയത്നങ്ങള്‍ ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ജെഫ്രി വീട്ടിലെത്തിയതുപോലെ മറ്റുള്ളവരും വീട്ടിലെത്തുന്നത് വിശ്രമമില്ലായെന്നു ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം രണ്ടുപേരേയും പ്രത്യേക വിമാനത്തില്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചുവെന്നല്ലാതെ ഇതേക്കുറിച്ച് നൈജര്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2016 ഒക്ടോബറില്‍ നൈജറിലെ അബാലക്കിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളായ അക്രമികള്‍ ഗാര്‍ഡുകളെ കൊലപ്പെടുത്തിയ ശേഷമാണ് വുഡ്കെയെ തട്ടിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ടുപോകപ്പെട്ട തങ്ങളുടെ രണ്ടു ജീവനക്കാര്‍ മാലിയില്‍ മോചിതരായ വിവരം ഇന്റര്‍നാഷണല്‍ റെഡ്ക്രോസും ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ടിരിന്നു. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായി സാഹേല്‍ മേഖലയില്‍ തട്ടിക്കൊണ്ടുപോകല്‍ ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. 2015 മുതല്‍ ഏറ്റവും ചുരുങ്ങിയത് ഇരുപത്തിയഞ്ചോളം വിദേശികളെങ്കിലും തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നാണ് ആംഡ് കോണ്‍ഫ്ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റാ പ്രോജക്റ്റിന്റെ കണക്കുകളില്‍ പറയുന്നത്. 2020-ല്‍ സ്വിസ് ക്രിസ്റ്റ്യന്‍ മിഷ്ണറിയായിരുന്ന ബിയാട്രിസ് സ്റ്റോയെക്കി ഇവിടെ കൊല്ലപ്പെട്ടിരിന്നു.