പ്രതിദിന ചിന്ത | ജഡമായി നമ്മുടെ ഇടയിൽ പാർത്ത വചനം
യോഹന്നാൻ 1:14 “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.”
യേശുവിന്റെ ദൈവത്വം സംശയരഹിതമാം വിധം പ്രസ്താവിക്കപ്പെടുന്നു (1:1-14), യേശുവിനെ കുറിച്ച് യോഹന്നാന്റെ സാക്ഷ്യം (1:15-18), യോഹന്നാന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്നു (1:19-28), യേശുവിനെ യോഹന്നാൻ പരസ്യമായി പരിചയപ്പെടുത്തുന്നു (1:29-36), യോഹന്നാന്റെ ശിക്ഷ്യന്മാർ യേശുവിന്റെ ശിക്ഷ്യത്വം സ്വീകരിക്കുന്നു (1:37-42), ഫിലിപ്പോസും നാഥനയേലുമായി യേശു നടത്തിയ കൂടിക്കാഴ്ച (1:43-51) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
നമ്മുടെ കർത്താവായ യേശുക്രിസ്തു ഏറെ സ്നേഹിച്ച തന്റെ ശിക്ഷ്യനായ യോഹന്നാൻ അപ്പോസ്തോലൻ എ ഡി 85-90 കാലഘട്ടത്തിൽ എഴുതിയെന്നു കരുതപ്പെടുന്ന നാലാം സുവിശേഷ പുസ്തകമാണിത്. യേശുവിന്റെ ആന്തരിക ശിക്ഷ്യവൃന്ദത്തിൽ ഉൾപ്പെട്ടിരുന്നു യോഹന്നാൻ. സുവിശേഷം കൂടാതെ മൂന്നു ലേഖനങ്ങളൂം വെളിപ്പാടു പുസ്തകവും യോഹന്നാന്റെ തൂലികയിൽ നിന്നും പിറന്നു വീണ അമൂല്യ ഗ്രന്ഥങ്ങളാണ്. യേശുക്രിസ്തുവിന്റെ ദൈവത്വം ഏറെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിട്ടുള്ള ഈ സുവിശേഷ ഗ്രന്ഥത്തിൽ ഉപമകൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. എന്നുമാത്രമല്ല, ഏഴു അത്ഭുതങ്ങൾ യോഹന്നാൻ കുറിച്ചിട്ടുള്ളതിൽ അഞ്ചും മറ്റു സുവിശേഷകന്മാർ രേഖപ്പെടുത്തിയിട്ടില്ല. ദൈവശാസ്ത്ര ചിന്തകളുടെ ധാരാള്യത സമവീക്ഷണ സുവിശേഷങ്ങളിൽ നിന്നും യോഹന്നന്റെ സുവിശേഷത്തെ വേറിട്ടു നിർത്തുന്ന ഘടകമാണ്. യേശുവിന്റെ അപ്പോസ്തോലന്മാരിൽ സ്വാഭാവിക മരണം പ്രാപിച്ചതു യോഹന്നാൻ മാത്രമാണെന്ന് പാരമ്പര്യം അവകാശപ്പെടുന്നു. ജ്ഞാനവാദത്തിന്റെ ക്രിസ്തുനിന്ദയെ ഖണ്ഡിച്ചുകൊണ്ടു കൂടെ എഴുതപ്പെട്ട എണ്ണൂറ്റിഎഴുപത്തെട്ടു (878) വാക്യങ്ങളും ഇരുപത്തൊന്നു അദ്ധ്യായങ്ങളുമടങ്ങിയ പുതിയ നിയമത്തിലെ നാലാമത്തെതും തിരുവെഴുത്തുകളിലെ നാല്പത്തി മൂന്നാമത്തെ പുസ്തകവുമായ യോഹന്നാന്റെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.
ലോകമതങ്ങളിൽ നിന്നും വ്യത്യസ്തമായ ക്രിസ്തുമാർഗ്ഗത്തിന്റെ അവതരണമാണ് യേശുവിന്റെ ജഡാവതാരത്തിലൂടെ മുമ്പോട്ടു വയ്ക്കപ്പെടുന്നത്. “ആദിയിൽ വചനം ഉണ്ടായിരുന്നു” (1:1) എന്ന പ്രസ്താവനയിലൂടെ യേശുകർത്താവിന്റെ പൂർവാസ്തിത്വം വെളിപ്പെടുത്തി. “വചനം ദൈവമായിരുന്നു” എന്ന പരാമർശത്തിലൂടെ വചനത്തിന്റെ പരിചയപ്പെടുത്തൽ അഥവാ ദൈവത്വം വ്യക്തമാക്കി. ആ വചനം ജഡമായി മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ പാർത്തു എന്ന പ്രയോഗത്തിലൂടെ രക്ഷാകരപ്രക്രിയ സാധിതമാക്കുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട യേശുവിന്റെ ജഡാവതാരം അധികം ധൈഷണികതയുടെ പ്രയത്നങ്ങളിൽ കൂടെയല്ലാതെ പോലും മനസ്സിലാക്കുവാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്!
പ്രിയരേ, യേശുവിന്റെ ജഡാവതാരം സാമാന്യബുദ്ധിയ്ക്കു തെളിയും വണ്ണം യോഹന്നാൻ അവതരിപ്പിക്കുന്നു. അതായതു, എന്നെ രക്ഷിക്കുവാൻ എന്റെ ഇടത്തേക്ക് ഇറങ്ങി വന്ന ദൈവപുത്രൻ എന്നെ തന്റെ ഇടത്തേക്ക് ചേർത്തു നിർത്തി. അതാണ് രക്ഷയുടെ ലളിതമായ പരിഭാഷയായി ഞാൻ തിരിച്ചറിയുന്നത്!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.