ഈസ്റ്ററിന് മുന്നോടിയായി ക്രൈസ്തവ ആരാധനാലയങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ജെറുസലേമിലെ ക്രൈസ്തവ നേതാക്കൾ
ജെറുസലേം: ഈസ്റ്ററിന് മുന്നോടിയായി ക്രൈസ്തവ ആരാധനാലയങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ജെറുസലേമിലെ ക്രൈസ്തവ നേതാക്കൾ ഇസ്രായേലി സർക്കാരിനോട് ആവശ്യപ്പെട്ടു. മാർച്ച് 31നു ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് വിശുദ്ധ നാട്ടിൽ വർദ്ധിച്ചു വരുന്ന അക്രമങ്ങളിലേക്ക് അവർ ശ്രദ്ധ ക്ഷണിച്ചത്. പത്രോസ് ശ്ലീഹ തന്റെ ലേഖനത്തിൽ വിവരിക്കുന്നത് പോലെയുള്ള അക്രമങ്ങളാണ് പ്രദേശത്തെ ക്രൈസ്തവർക്ക് നേരിടേണ്ടി വരുന്നതെന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞു. ദേവാലയങ്ങളും, മൃതസംസ്കാര ശുശ്രൂഷകൾക്ക് മുന്നോടിയായുള്ള വിലാപയാത്രകളും, പൊതുസമ്മേളനങ്ങൾ നടക്കുന്ന സ്ഥലങ്ങളും അക്രമത്തിന്റെ ലക്ഷ്യസ്ഥാനങ്ങളായി മാറിയിരിക്കുകയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ചില വിശുദ്ധ സ്ഥലങ്ങളും, സെമിത്തേരികളും നശിപ്പിക്കപ്പെട്ടു. ഇതേ തുടര്‍ന്നു ഓശാന തിരുനാൾ കർമ്മങ്ങൾക്ക് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു. അധികൃതരുമായി സഹകരിക്കാമെന്നും, അവർ പറയുന്ന യുക്തിപരമായ നിർദ്ദേശങ്ങൾ അംഗീകരിക്കാമെന്നുമുള്ള ധാരണ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളെ അപലപിച്ച് ജനുവരി മാസം അവസാനവും, ഫെബ്രുവരി മാസം അവസാനവും ക്രൈസ്തവ നേതാക്കൾ പ്രസ്താവനകൾ ഇറക്കിയിരുന്നു. പഴയ ജെറുസലേം നഗരത്തിൽ യേശുവിനെ ചാട്ടവാറിന് അടിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേവാലയത്തിലെ ക്രിസ്തു രൂപം ഒരു തീവ്ര ചിന്തയുള്ള യഹൂദന്‍ തകർക്കാൻ ശ്രമിച്ച സംഭവം ഫെബ്രുവരി രണ്ടാം തീയതിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ജനുവരി മാസം ജെറുസലേമിലെ ക്രൈസ്തവ സെമിത്തേരിയിലും അക്രമണം ഉണ്ടായി. ക്രൈസ്തവര്‍ക്ക് പുറമെ യഹൂദ, ഇസ്ലാം മതങ്ങള്‍ വിശുദ്ധ സ്ഥലമായി കരുതുന്ന ഇടമാണ് ജെറുസലേം. വരുന്ന ആഴ്ചകളിൽ വ്യത്യസ്ത മത പരിപാടികൾ ഇവിടെ നടക്കാനുണ്ട്. ഈ ദിവസങ്ങളിൽ പഴയ ജെറുസലേം നഗരത്തിൽ ആയിരക്കണക്കിന് ആളുകൾ ഒരുമിച്ചു കൂടും. ഗ്രിഗോറിയൻ കലണ്ടർ പിന്തുടരുന്ന ക്രൈസ്തവ വിശ്വാസികൾ ഏപ്രിൽ ഒമ്പതാം തീയതി ഞായറാഴ്ചയാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ഏപ്രിൽ അഞ്ചാം തീയതി സൂര്യാസ്തമയം മുതൽ ഏപ്രിൽ 13 വരെ യഹൂദ വിശ്വാസികൾ പെസഹാ ആചരിക്കും. ലക്ഷകണക്കിന് ക്രൈസ്തവരാണ് വിശുദ്ധവാരത്തോട് അനുബന്ധിച്ച് രാജ്യത്തു തീര്‍ത്ഥാടനം നടത്തുക.