സുവിശേഷത്തിന്റെ ആ പെൺശബ്ദം നിശബ്ദമായി; ശ്രീമതി ത്രേസ്സിയാമ്മ (79) നിത്യതയിൽ

0

ഉത്തര ഭാരത സുവിശേഷീകരണത്തിൽ ദൈവ കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെട്ടിരുന്ന ശ്രീമതി ത്രേസ്സിയാമ്മ (79) തന്റെ ഓട്ടം തികച്ചു നിത്യതയിൽ പ്രവേശിച്ചു. രണ്ടു മാസങ്ങൾക്കു മുമ്പേ നേരിട്ട പക്ഷാഘാതത്തെ തുടർന്നു ചികിത്സയിൽ തുടരവേയാണ് മരണം സംഭവിച്ചത്.

കോട്ടയം ജില്ലയിൽ കീഴൂർ സ്വദേശിനി ആയിരുന്നു ത്രേസ്സിയാമ്മ ആന്റി എന്ന വിളിപ്പേരിൽ സുപരിചിത ആയിരുന്ന കർത്തൃദാസി. രാജസ്ഥാൻ ഗവണ്മെന്റിൽ ആരോഗ്യവകുപ്പ് ജീവനക്കാരിയായി ഔദ്യോഗിക ജോലിയിൽ പ്രവേശിച്ചു. ദീർഘ വർഷങ്ങൾ ഭൗതിക ജോലിയെ ‘ആരാധനായി’ കാണുകയും ദൈവിക വിഷയങ്ങൾക്ക് തെല്ലും പരിഗണന കൊടുക്കാതെയും മുമ്പോട്ടു പോയിരുന്നു.

ഈ കാലഘട്ടത്തിൽ വിവാഹിതയാകുകയും രണ്ടു ആൺകുഞ്ഞുങ്ങൾ ആ കുടുംബജീവിതത്തിന്റെ സാഫല്യമാകുകയും ചെയ്തു. സന്തോഷമായി ജീവിച്ചു വരവേ 1992 ൽ തന്റെ മൂത്ത മകൻ തികച്ചും ആകസ്മികമായി ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു. ഈ സംഭവത്തിന്റെ ആഘാതം ത്രേസ്സിയാമ്മ ആന്റിയെ വല്ലാതെ ബാധിച്ചു. ആകെ നിരാശയിൽ ജീവിതം ഇനിയും മുമ്പോട്ടു പോകുവാൻ സാധ്യമല്ല എന്ന നിലയിൽ ആയിത്തീർന്ന സന്ദർഭമായിരുന്നു അത്.

ഈ അവസരമാണ് തന്റെ ജീവിതത്തിന്റെ ദിശാസന്ധിയായി മാറിയത്. നിരാശയുടെ ആ നാളുകളിൽ കർത്താവിന്റെ നേരിട്ടുള്ള ഇടപെടൽ കൃത്യമായി തിരിച്ചറിഞ്ഞ ത്രേസ്സിയാമ്മ ആന്റി തന്റെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചു. അന്നുമുതൽ താൻ അറിഞ്ഞ സത്യത്തിന്റെ സാക്ഷിയായി രാജസ്ഥാൻ കേന്ദ്രമാക്കി സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിക്കുന്ന പാസ്റ്റർ വൈ യോഹന്നാൻ നേതൃത്വം വഹിക്കുന്ന ബെഥെൽ ഫെല്ലോഷിപ്പ് എന്ന പ്രസ്ഥാനവുമായി ചേർന്നു മിഷൻ പ്രവർത്തനങ്ങളിൽ വ്യാപൃത ആയിരുന്നു.

സമീപ കാലത്ത് തന്റെ മകൻ പാസ്റ്റർ രാജ്‌കുമാർ തുടക്കം കുറിയ്ക്കുകയും നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഡീപ്പർ റൂട്ട് ക്രിസ്ത്യൻ ഫെല്ലോഷിപ്പിനോടൊപ്പം ആയിരുന്നു തന്റെ പ്രവർത്തനങ്ങൾ.

ഒരായുസ്സിന്റെ ഉത്തരദശയിൽ താൻ പ്രാപിച്ചെടുത്ത നിത്യതയുടെ സന്ദേശം ലേശവും സങ്കോചിമില്ലാതെ ലോകത്തിനു മുൻപിൽ പ്രസംഗിക്കുന്നതിൽ ത്രേസ്സിയാമ്മ ആന്റി പുലർത്തിയ ആർജ്ജവത്വം അനുകരണീയമാണ്. നിരവധി സഭകളുടെ സ്ഥാപനത്തിനും നൂറുകണക്കിന് ആളുകളുടെ രക്ഷയ്ക്കും ആയിരക്കണക്കിനു ആളുകളുടെ ആത്മീക പരിപോഷണത്തിനും കർത്താവിനാൽ ആ ആയുസ്സ് പ്രയോജനപ്പെട്ടു.

പ്രാർത്ഥനയും സുവിശേഷീകരണവും അല്ലാതെ മറ്റൊന്നും തനിക്കു പരിഗണനാർഹം ആയിരുന്നില്ല. രോഗക്കിടക്കയിൽ ആകുന്നത് വരെയും സജീവമായി മിഷൻ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നു ത്രേസ്സിയാമ്മ ആന്റി.

തന്റെ വിയോഗം ഉത്തരഭാരത മിഷൻ മേഖലയ്ക്ക് നികത്താനാകാത്ത വിടവു തന്നെ. അസാമാന്യ വ്യക്തിത്വവും പകരം വയ്ക്കാനാവാത്ത പ്രാർത്ഥനാ പോരാളിയും സമാനതകളില്ലാത്ത മിഷണറിയുമായിരുന്നു ത്രേസ്സിയാമ്മ ആന്റി എന്നു ചരിത്രം ആ മഹൽ വ്യക്തിയെ അടയാളപ്പെടുത്തും.

വേർപാടിന്റെ തീവ്രദുഃഖത്തിൽ ആയിരിക്കുന്ന പാസ്റ്റർ രാജ്‌കുമാർ, ഡോ. ഷീലു രാജ്, ആരോൺ ബി രാജ് (കാനഡ), ഓസ്റ്റിൻ ബി രാജ് എന്നിവരോടും സമസ്ത കുടുംബാംഗങ്ങളോളും ഒപ്പം ദുഃഖത്തിൽ പങ്കു ചേരുന്നു.

ഉയർപ്പിൻ സുപ്രഭാതത്തിൽ വീണ്മയമായ ശരീരത്തോടെ വീണ്ടും കാണാം എന്ന പ്രത്യാശയോടെ ഏപ്രിൽ 13 നു ഉച്ചയ്ക്ക് 2 മണിയ്ക്ക് ജോറ്റുവാര ഇമ്മാനുവേൽ മിഷൻ സ്കൂളിൽ വച്ചു നടത്തപ്പെടുന്ന ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം വിദ്യാധർനഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.

ത്യാഗോജ്വലമായി നാഥന്റെ വേല തികച്ച ക്രിസ്തുവിന്റെ പടയാളിക്കു ആദരവോടെ രാജസ്ഥാൻ ക്രൈസ്തവ സമൂഹത്തിന്റെ അഭിവാദ്യങ്ങൾ….

You might also like