പ്രതിദിന ചിന്ത | ആ മനുഷ്യൻ ഇതാ…
യോഹന്നാൻ 19:4 “പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.”
യേശു ക്രൂശിക്കപ്പെടുന്നു (19:1-18), യേശു ക്രൂശിൽ മരിക്കുന്നു (19:19-30), സഹക്രൂശിതരുടെ കാലുകൾ ഓടിയ്ക്കപ്പെട്ടും യേശുവിന്റെ വിലാപ്പുറം കുന്തത്താൽ തുളയ്ക്കപ്പെട്ടും മരണം ഉറപ്പാക്കപ്പെടുന്നു (19:31-37), യഹൂദാ മര്യാദപ്രകാരം യേശു അടക്കപ്പെടുന്നു (19:38-42) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യേശുവിന്റെ വിസ്താരം തുടർന്നു. പീലാത്തോസിന്റെ സമക്ഷമാണ് യേശു ഇപ്പോൾ നിൽക്കുന്നത്. യേശുവിനെ വാറുകൊണ്ട് അടിപ്പിച്ച ശേഷം വിട്ടയക്കുവാൻ പീലാത്തോസ് ആഗ്രഹിച്ചു. എന്നാൽ യഹൂദാ മതാചാര്യന്മാരിൽ നിന്നും തീവ്രമതാനുഗാമികളിൽ നിന്നും പീലാത്തോസിന്റെ മേൽ വലിയ സമ്മർദ്ദമാണ് യേശുവിന്റെ ക്രൂശീകരണവുമായി ബന്ധപ്പെട്ടു ഉയർന്നു വന്നത്. തലയിൽ മുൾക്കിരീടമണിയിച്ചും ധൂമ്രവസ്ത്രം ധരിപ്പിക്കപ്പെട്ടും അടിയേറ്റ യേശുവിനെ പുറത്തു കാത്തുനിൽക്കുന്ന രക്തദാഹികളായ യഹൂദാപരിക്ഷകളുടെ മുമ്പാകെ ഹാജരാക്കി. “ആ മനുഷ്യൻ ഇതാ” (19:5) എന്ന പീലാത്തോസിന്റെ പരിഹാസദ്യോതക പരിചയപ്പെടുത്തലിനു മാനമേറെ ചൂണ്ടിക്കാണിക്കുവാനുണ്ട്. ദേഹമാസകലം രക്തമൊഴുകുന്ന, കണ്ടാൽ ആളല്ല എന്നുതോന്നുമാറ് വിരൂപനാക്കപ്പെട്ട യേശുവിനോടു ലേശവും സഹതാപവും അനുകമ്പയും തീണ്ടാത്ത ആ ജനം അവനെ “ക്രൂശിക്കുക, ക്രൂശിക്കുക” (19:6) എന്ന് അലറിവിളിച്ചു. ക്രൂശീകരണത്തിനു യോഗ്യമായ കുറ്റങ്ങളൊന്നും യേശുവിൽ കണ്ടെത്തുവാൻ സാധിച്ചില്ല എന്ന പീലാത്തോസിന്റെ പ്രഖ്യാപനം കേവലം വനരോദനമായിട്ടാണ് ഞാൻ തിരിച്ചറിയുന്നത്. “പീലാത്തോസ് അവനെ വിട്ടയക്കുവാൻ ശ്രമിച്ചു” (19:12a). എങ്കിലും യഹൂദന്മാർ കൈസറിന്റെ സർവ്വാധികാരവും പീലാത്തോസിന്റെ അധികാരപരിമിതിയും ചൂണ്ടിക്കാട്ടി അടുത്ത സമ്മർദ്ദ തന്ത്രം മെനഞ്ഞു. “നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല (19:12b)” എന്ന പശ്ചാത്തലമാണ് രൂപപ്പെടുന്നതെന്നും അങ്ങനെ സംഭവിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ ഗവർണ്ണർ പദവിയിൽ നിന്നുള്ള നിഷ്കാസനത്തിനു പോലും അതു കാരണമാകുമെന്ന സാധ്യതയും അവർ ചൂണ്ടിക്കാണിച്ചു. ഭീരുവായ ഭരണാധികാരി ആയിരുന്നു പീലാത്തോസ് (19:8). തന്റെ തിരിച്ചറിവുകളെയും വ്യക്തമായ തെളിവുകളെയും അടിസ്ഥാനമാക്കി വിധിപ്രസ്താവം നടത്തേണ്ടതിനു പകരം വാദികളുടെ സമ്മർദ്ദത്തിന് വശംവദനായി അന്യായമായി കുറിച്ച വിധി(അ)ന്യായം യേശു എന്ന നീതിമാനെ ക്രൂശിന്മേൽ തറപ്പിച്ചു കൊന്നുകളയുവാൻ കാരണമായി!
പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തു നീതിമാനും പാപരഹിതനും ആയിരുന്നു എന്ന വസ്തുത ന്യായവിസ്താരത്തിന്റെ അടയാളപ്പെടുത്തലുകളിൽ നിന്നും വ്യക്തമാകുന്നില്ലേ! എങ്കിലും തിരുവെഴുത്തുകളുടെ നിവൃത്തീകരണവും പാപത്തിന്റെ നിവാരണവും സംഭവിക്കേണ്ടതു അനിവാര്യമായിരുന്നതിനാൽ പാപരഹിതനായ നമ്മുടെ കർത്താവു മരത്തിന്മേൽ തൂക്കപ്പെട്ടു. അതേ, പാപമില്ലാത്തവൻ നമ്മുടെ പാപങ്ങൾക്കായി മരിച്ചു; അവിടുത്തെ വിശ്വാസത്താൽ നാമും എന്നേക്കും ജീവിക്കും…ആമേൻ…!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.