മൃതദേഹം സംസ്കരിക്കുന്നതിൻ്റെ പേരിൽ ആദിവാസി ക്രൈസ്തവർക്ക് പീഡനം

0
ബസ്തർ : ഛത്തീസ്ഗഡിൽ വീണ്ടും മൃതദേഹം സംസ്കരിക്കുന്നതിൻ്റെ പേരിൽ ആദിവാസി ക്രൈസ്തവർക്ക് പീഡനം. 58 വയസുള്ള ആദിവാസി ക്രിസ്ത്യൻ സ്ത്രീയുടെ മൃതദേഹം അടക്കുവാൻ അനുവദിക്കാതെ വഴിയിൽ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിലും കല്ലേറിലും പോലീസുകാർക്കും ക്രിസ്തീയ വിശ്വാസികൾക്കും പരിക്കുപറ്റി. ക്രിസ്തീയ ആചാരപ്രകാരം അടക്കുവാൻ കൊണ്ടുപോകുമ്പോൾ സംസ്‌കരിക്കുന്നതിന് പകരം മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഒരുകൂട്ടം പ്രദേശവാസികളുടെ അതിക്രമം. മൂന്നാം ദിവസമാണ് പോലീസ് ഇടപെട്ട് സംസ്കാരം നടത്തുവാൻ സാഹചര്യം ഒരുക്കിയത്.
ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ തഹസിൽ ടോകപാലിലെ ഭേജ്രിപദർ ഗ്രാമത്തിൽ മാർച്ച് 19 ന് മേറ്റ് ബെക്കോ എന്ന ആദിവാസി ക്രിസ്ത്യൻ സ്ത്രീയുടെ ശവസംസ്കാരത്തോടനുബന്ധിച്ചാണ് പ്രശ്നങ്ങൾ ഉണ്ടായത്. മരിച്ച സ്ത്രീ, മേറ്റ് ബെക്കോ നേരത്തെ ഒരു ഗോത്രവർഗക്കാരിയായിരുന്നു, അവർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. അവരുടെ ശവസംസ്‌കാരത്തെ എതിർക്കാൻ ചിലർ തദ്ദേശീയരായ ഗ്രാമവാസികളെ പ്രേരിപ്പിക്കുകയായിരുന്നുവത്രെ.
റിപ്പോർട്ടുകൾ പ്രകാരം, മൃതദേഹം വീട്ടുകാർ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഘർഷം ഉടലെടുത്തത്. യാത്രാമധ്യേ, കല്ലേറുണ്ടായതോടെ മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങൾ മൃതദേഹം തെരുവിൽ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. തുടർന്ന് ക്രിസ്ത്യൻ കുടുംബം ലോക്കൽ പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് എഎസ്പി നിവേദിത പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗ്രാമത്തിലെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും കല്ലേറ് തുടർന്നതോടെ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പിന്നീട്, പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു, മൃതദേഹം സംസ്‌കരിക്കുന്നതിന് മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ ശ്രമിച്ചു.
മൃതദേഹം അതേ ദിവസം തന്നെ സംസ്‌കരിക്കുന്നതിനായി യുവതിയുടെ ഭർത്താവ് മോസു ബെക്കോയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലത്തേക്ക് കൊണ്ടുപോയി., പ്രതിഷേധക്കാർ അവിടെയുമെത്തുകയും ശവസംസ്‌കാരത്തിനെതിരെ പ്രതിഷേധം തുടരുകയും ചെയ്തു. മൃതദേഹം സംസ്‌കരിക്കുന്നതിന് പകരം ദഹിപ്പിക്കണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്.
അടുത്ത ദിവസം, അതായത് മാർച്ച് 20 ന്, പോലീസ് കർശനമായി ഇടപെടുകയും ബെക്കോസിന്റെ വസതിയിൽ കനത്ത പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം ഭർത്താവിന്റെ സ്വകാര്യ പുരയിടത്തിൽ സംസ്‌കരിച്ചു. ശ്മശാന ദിവസം സംഘർഷം സൃഷ്ടിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും പോലീസ് അവരെ ശ്മശാനസ്ഥലത്ത് നിന്ന് അകറ്റി നിർത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പരാമർശിക്കുന്നു.
സംഭവത്തിൽ ബസ്തർ പോലീസ് ഇൻസ്പെക്ടർ ജനറൽ (ഐജി), പ്രസ്താവനയിറക്കി: “ഇരു ഗ്രൂപ്പുകളും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായി എന്നാൽ സംഭവസ്ഥലത്തെത്തിയ പോലീസ് സേനയും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും ഇരുവിഭാഗത്തെയും ഉപദേശിക്കുകയും അഭിപ്രായവ്യത്യാസം അവസാനിപ്പിക്കുകയും ചെയ്തു. ബസ്തറിലെ ജില്ലാ കളക്ടറും സീനിയർ പോലീസ് സൂപ്രണ്ടും (എസ്എസ്പി) സംഭവസ്ഥലം സന്ദർശിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും അഡീഷണൽ എസ്‌പിയും പോലീസ് സേനയ്‌ക്കൊപ്പം സ്ഥലത്തുണ്ട്. ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
സംഘർഷം തുടരുന്നതിനാൽ മതപരിവർത്തനത്തെക്കുറിച്ചുള്ള കിംവദന്തികൾ വിശ്വസിക്കരുതെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ പോലീസ് ഓരോ ഗോത്രങ്ങളും സന്ദർശിക്കുന്നു.
ഈ മേഖലയിൽ ക്രിസ്തുമതത്തിലേക്കുവന്ന ഗോത്രവർഗ സമൂഹം കടുത്ത ഭീഷണി നേരിടുന്നു. ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പുനടത്താൻ തീവ്ര ഹിന്ദു സംഘടനകൾ നാളുകളായി ശ്രമിക്കുന്നു. അടുത്തയിടെ നാരയാന്പൂർ ഡിസ്ട്രിക്ടിലും ഇതുപോലെ സംഘടിത എതിർപ്പുകളാണുണ്ടായത്. നേരത്തെ ഫെബ്രുവരി 28 ന്, ആളുകളെ നിർബന്ധിച്ച് മത പരിവർത്തനംചെയ്യിക്കുന്നു എന്നപേരിൽ സ്ത്രീകളടക്കം 6 പേരെ സംസ്ഥാന പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
You might also like