ടൈറ്റാനിക് കാണാന്‍ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കണ്ടെത്തിയില്ല

0

ബോസ്റ്റണ്‍: ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാൻ അന്തര്‍വാഹിനിയില്‍ പോകുന്നതിനിടെ കടലിനടിയില്‍ കാണാതായ വിനോദസഞ്ചാരികള്‍ക്കായുള്ള തെരച്ചില്‍ യുഎസ് തീരസംരക്ഷണസേന ഊര്‍ജിതമാക്കി.

കനേഡിയൻ തീരസംരക്ഷണസേനയും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. ചെറിയ അന്തര്‍വാഹിനിയില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.

അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ ഞായറാഴ്ചയാണ് ഇവരെ കാണാതാകുന്നത്. 96 മണിക്കൂര്‍ നേരത്തേക്കുള്ള പ്രാണവായു മാത്രമാണ് അന്തര്‍വാഹിനിയിലുള്ളത്. യാത്രയാരംഭിച്ച്‌ ഒരു മണിക്കൂര്‍ 45 മിനിറ്റിനുശേഷമാണ് അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

ടൈറ്റൻ എന്നാണ് ചെറു അന്തര്‍വാഹിനിയുടെ പേര്. ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കിടക്കുന്നിടത്തേക്കു സഞ്ചരിക്കാൻ ഉപയോഗിക്കുന്ന അന്തര്‍വാഹിനിയാണിത്. ഓഷൻഗേറ്റ് എക്സ്പഡിഷൻ എന്ന കന്പനിയാണ് യാത്ര സംഘടിപ്പിച്ചത്.

ഒരാളില്‍നിന്ന് രണ്ടര ലക്ഷം ഡോളറാണ് കന്പനി ഈടാക്കുന്നത്. 1912ലെ ടൈറ്റാനിക് ദുരന്തത്തില്‍ 1,500ലധികം പേര്‍ മരിച്ചിരുന്നു. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ 3800 മീറ്റര്‍ ആഴത്തിലാണ് കപ്പല്‍ മുങ്ങിക്കിടക്കുന്നത്.

 

You might also like