ഫ്രാൻസിലെ പഴക്കം ചെന്ന ക്രൈസ്തവ ആരാധനാലയങ്ങൾ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് മാക്രോൺ

0

പാരീസ്: ഫ്രാൻസിലെ പഴക്കമേറിയ ക്രൈസ്തവ ആരാധനാലയങ്ങൾ സംരക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനം. കഴിഞ്ഞ മാസമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൌണ്ട് സെന്റ് മൈക്കിൾ ആശ്രമത്തിന്റെ സഹസ്രാബ്ദ വാർഷികത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് രാജ്യത്തെ കത്തോലിക്ക മെത്രാൻ സമിതി രംഗത്തെത്തി. രാജ്യത്തിന്റെ വിശ്വാസപരമായ പൈതൃകത്തെയും, അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും പ്രസിഡന്റ് പറഞ്ഞതിൽ മെത്രാൻ സമിതിക്ക് സന്തോഷമുണ്ടെന്ന്, സമിതിയുടെ സേക്രട്ട് ആർട്ട് ഡിപ്പാർട്ട്മെന്റിന്റെ അധ്യക്ഷന്‍ ഫാ. ഗൗട്ടിയർ മോർനാസ് പറഞ്ഞു.

രാജ്യത്ത് ഏകദേശം ഒരു ലക്ഷത്തോളം ആരാധനാലയങ്ങളുണ്ട്. ഇതിൽ 42,000 ചാപ്പലുകളും, ദേവാലയങ്ങളും, കത്തീഡ്രലുകളും ഉൾപ്പെടുന്നു. ഫ്രാൻസിലെ ഗ്രാമങ്ങൾ ഈ ദേവാലയങ്ങൾക്ക് ചുറ്റുമാണ് പണിയപ്പെട്ടിരിക്കുന്നതെന്നും, അതിനാൽ ദേവാലയങ്ങളെ പരിചരിക്കുക എന്നുവച്ചാൽ രാജ്യത്തെ പരിചരിക്കുന്നതുപോലെയാണെന്നും ഫാ. മോർനാസ് വിശദീകരിച്ചു. നോട്രഡാം കത്തീഡ്രലിൽ തീപിടുത്തം ഉണ്ടായ സംഭവവും, സംരക്ഷിക്കപ്പെടാത്ത ദേവാലയങ്ങൾ നശിക്കാൻ സാധ്യതയുണ്ടെന്ന 2022 ജൂലൈ മാസത്തിലെ സെനറ്റ് റിപ്പോർട്ടും ഈ വിഷയത്തിലേക്ക് രാഷ്ട്രീയ ശ്രദ്ധ കൊണ്ടുവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഴക്കം കൂടാതെ, മോഷണം, മറ്റ് അതിക്രമങ്ങൾ എന്നിവ ആരാധനാലയങ്ങളെ ലക്ഷ്യംവെച്ച് നടക്കുന്നുണ്ടെന്നു സെനറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് നിരവധി അക്രമങ്ങൾ നേരിട്ട ആരാധനാലയങ്ങൾ 1905ൽ രൂപം നൽകിയ നിയമപ്രകാരം സർക്കാരിന്റെ അധീനതയിൽ കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം പൊതു ഖജനാവിൽ നിന്ന് പണം ഉപയോഗിച്ചാണ് ആരാധനാലയങ്ങൾ സംരക്ഷിക്കേണ്ടത്. വൈദികർക്ക് ഇവിടങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അധികൃതരിൽ നിന്ന് അനുമതി വാങ്ങണം. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതിനാൽ ദേവാലയങ്ങൾ സംരക്ഷിക്കുന്നത് ചിലവേറിയതായിരിക്കുകയാണെന്ന് നിരവധി പ്രാദേശിക ഭരണകൂടങ്ങൾ പരാതി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

You might also like