അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച
മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; നാളെ പുതുപ്പള്ളിയിലേക്ക് വിലാപയാത്ര
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച. മൃതദേഹം കർണാടക മുൻ മന്ത്രി ടി ജോണിന്റെ ബംഗളൂരു ഇന്ദിര നഗർ കോളനിയിലെ വസതിയിൽ പൊതു ദർശനത്തിനു വയ്ക്കും. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇവിടെ എത്തി അന്തിമോപചാരം അർപ്പിക്കും.
വിമാന മാർഗം ബംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊണ്ടു വരും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദർശനമുണ്ടാകും.
പിന്നീട് തിരുവനന്തപുരത്തു നിന്നു പുതുപ്പള്ളിയിലേക്ക് മൃതദേഹം വിലാപ യാത്രയായി എത്തിക്കും. സംസ്കാരം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നു ഉമ്മൻ ചാണ്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു.
അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം. അദ്ദേഹത്തിനു 79 വയസായിരുന്നു. അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി.
1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായതിന്റെ റെക്കോർഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.