എ ഐ ക്യാമറയില്‍ കുടുങ്ങിയത് 19 എം എല്‍ എമാരും 10 എം പിമാരും; 32,42,227 നിയമലംഘനങ്ങള്‍ കണ്ടെത്തി; പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ; വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും മന്ത്രി ആന്റണി രാജു

0

കൊച്ചി: എ ഐ ക്യാമറകള്‍ വഴി 32,42,227 നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്ന് മന്ത്രി ആന്റണി രാജു. എംഎല്‍എമാരുടെ 19 വാഹനങ്ങളും എം പി മാരുടെ 10 വാഹനങ്ങളും എ ഐ ക്യാമറയില്‍ കുടുങ്ങി. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

2022 ജൂലൈയില്‍ അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു.15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25 കോടി 81 ലക്ഷം രൂപ ഇ ചലാന്‍ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു.

വി ഐ പികളെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. എം എല്‍ എ, എം പി വാഹനങ്ങളടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. വി ഐ പി വാഹനങ്ങള്‍ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് ആന്റണി രാജു പറഞ്ഞു. നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

You might also like