അക്രമം പ്രോത്സാഹിപ്പിക്കാനായി മതത്തെ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പാ
അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ് പാപ്പാ. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് മതത്തെ അക്രമത്തിന്റെ മാർഗ്ഗമാക്കി മാറ്റുന്ന തീവ്രമതചിന്തകൾക്കെതിരെ ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചത്.
“വിദ്വേഷവും, അക്രമവും തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനായി മതങ്ങളെ ദുരുപയോഗിക്കുന്നത് നിറുത്തുവാനും, കൊലപാതകം, നാടുകടത്തൽ, തീവ്രവാദം, അടിച്ചമർത്തൽ എന്നിവയെ ന്യായീകരിക്കാനായി ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുവാനുമുള്ള എന്റെ അഭ്യർത്ഥന പുതുക്കുന്നു” എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
മതപരമായ അതിക്രമങ്ങൾക്കെതിരെ (#AgainstReligiousViolence) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.