അടിയന്തിര സഹായങ്ങളുമായി സൗദിയുടെ അഞ്ചാമത്തെ വിമാനവും ലിബിയയിലെത്തി
ജിദ്ദ: കൊടുങ്കാറ്റും പ്രളയവും മൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള അടിയന്തിര സഹായങ്ങളുമായി സൗദിയുടെ അഞ്ചാമത്തെ വിമാനവും ലിബിയയിലെത്തി. ഭക്ഷണം, മെഡിക്കൽ, പാർപ്പിട സഹായങ്ങളുമായാണ് സൗദിയുടെ വിമാനങ്ങൾ പുറപ്പെടുന്നത്. സഹായങ്ങൾ വിതരണം ചെയ്യുന്നതിനും സേവനങ്ങൾക്കുമായി സൗദിയുടെ പ്രത്യേക സംഘവും ലിബിയയിൽ പ്രവർത്തിക്കുന്നുണ്ട്.
ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ശനിയാഴ്ച മുതലാണ് സൗദിയുടെ വിമാനങ്ങൾ ലിബിയിലെത്തി തുടങ്ങിയത്. സൗദി രാജാവിന്റെയും കിരീടാവകാശിയുടേയും പ്രത്യേക നിർദേശ പ്രകാരം കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ് സഹായവിതരണത്തിന് നേതൃത്വം നൽകുന്നത്. ഇന്ന് അഞ്ചാമത്തെ വിമാനവും ലിബിയയിലെത്തി. 90 ടൺ ഭക്ഷണ സാധനങ്ങളും മെഡിക്കൽ, പാർപ്പിട സഹായവുമായാണ് ബെൻഗാസി നഗരത്തിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദിയുടെ വിമാനമിറങ്ങിയത്.