ഹമാസ് ഭീകരതയെ തുടച്ചുനീക്കാന്‍ സമ്പൂര്‍ണ ആക്രമണത്തിന് ഇസ്രായേല്‍ തയാറെടുക്കുന്നു

0

ടെല്‍അവീവ്: ഹമാസ് ഭീകരതയെ തുടച്ചുനീക്കാന്‍ സമ്പൂര്‍ണ ആക്രമണത്തിന് ഇസ്രായേല്‍ തയാറെടുക്കുന്നു. ഗാസയ്‌ക്കു പുറത്ത് ഇസ്രായേല്‍ സൈന്യം സര്‍വ സന്നാഹങ്ങളുമൊരുക്കി. ഹമാസിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം ശക്തമായി തുടരുന്നതിനിടെയാണ് സമ്പൂര്‍ണ കരയുദ്ധത്തിന് ഇസ്രായേല്‍ സന്നാഹം സജ്ജമാക്കിയത്. യുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്നാണ് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന. ലക്ഷക്കണക്കിന് സൈനികരെ അതിര്‍ത്തിയില്‍ സജ്ജമാക്കി. ഹമാസിന്റെ പൂര്‍ണ നാശമാണ് ലക്ഷ്യം.

ഗാസ ഇനിയൊരിക്കലും പഴയതുപോലെയാകില്ലെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ തിരിച്ചടി. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തു. ഇനി കടന്നാക്രമണത്തിലേക്കു നീങ്ങുകയാണ്. ഗാസ ഒരിക്കലും പഴയ പോലെയാകില്ല. ആ നിമിഷത്തെക്കുറിച്ചോര്‍ത്ത് അവര്‍ ഖേദിക്കും. തല വെട്ടാന്‍ വരുന്നവരെയും കൂട്ടക്കൊലയ്‌ക്കെത്തുന്നവരെയും പൂര്‍ണശക്തിയോടെ, വിട്ടുവീഴ്ചയില്ലാതെ ഉന്മൂലനം ചെയ്യും. യുദ്ധാവസാനം ഇസ്രായേലി പൗരന്മാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ ഉള്ള സൈനികശേഷിയൊന്നും ഹമാസിനുണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് അറിയിച്ചു.

ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിയുടെ പിതാവിന്റെ വീട് ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തത് കര മാര്‍ഗമുള്ള ആക്രമണത്തിന്റെ ആദ്യ സൂചനയെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്നയാളാണ് മുഹമ്മദ് ദെയ്ഫ്. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. ഹമാസിന്റെ ഉന്നത നേതാക്കളെ കൊലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനുള്ള ശ്രമം അവസാനിപ്പിക്കില്ല, ഇതിനാണ് മുന്‍ഗണന, ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു.

You might also like