‘ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നു’; യു.എസ് രഹസ്യ ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ന്നു: അന്വേഷണം പ്രഖ്യാപിച്ച് പെന്റഗണ്‍
വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ യുദ്ധ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച അമേരിക്കയുടെ രഹസ്യ ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ജിയോ പാസ്‌റ്റൈല്‍ ഏജന്‍സിയില്‍ നിന്നാണ് രണ്ട് പ്രധാന രേഖകള്‍ ചോര്‍ന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ദേശീയ ഏജന്‍സിയാണ് ജിയോ സ്പാറ്റല്‍ ഇന്റലിജന്‍സ്.
അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ക്ക് ലഭിച്ച ചിത്രങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ വിശകലനങ്ങളില്‍ ഇസ്രയേലിന്റെ സൈനിക ഒരുക്കങ്ങളും ഇറാനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പും വ്യക്തമാക്കുന്നതാണ് ഇന്റലിജന്‍സ് രേഖകളിലെ ഉള്ളടക്കം എന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ അനുകൂല സന്ദേശങ്ങള്‍ പങ്ക് വെയ്ക്കുന്ന ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് ഒക്ടോബര്‍ 15, 16 തിയതികളിലുള്ള രണ്ട് രേഖകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഇറാനെ ആക്രമിക്കുന്നതിനായുള്ള ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പ് സൂചിപ്പിക്കുന്ന സാറ്റ്ലൈറ്റ് ചിത്രങ്ങളുടെ വിശദമായ വിശകലനമാണ് അതിലുള്ളത്.
‘ഇസ്രയേല്‍ വ്യോമസേന ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുപ്പുകള്‍ തുടരുന്നു’ എന്ന തലക്കെട്ടിലുള്ളതാണ് ഒരു രഹസ്യരേഖ. ഇതില്‍ ഇറാനെതിരായ സൈനിക നീക്കത്തിനായുള്ള ഇസ്രയേല്‍ തയ്യാറെടുപ്പിന്റെ വിവരങ്ങളാണുള്ളത്. എയര്‍-ടു-എയര്‍ റീഫ്യൂവലിങ് ഓപ്പറേഷനുകള്‍, തിരയല്‍-രക്ഷാ ദൗത്യങ്ങള്‍, ഇറാന്റെ ആക്രമണ സാധ്യത പ്രതീക്ഷിച്ച് മിസൈല്‍ സിസ്റ്റം പുനസ്ഥാപിക്കല്‍ തുടങ്ങിയ വിവരങ്ങളും ഈ രേഖയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധ സാമഗ്രികളും പ്രധാനപ്പെട്ട സൈനിക സ്വത്തുക്കളും തന്ത്രപ്രധാന സ്ഥലത്തേയ്ക്ക് നീക്കുന്ന ഇസ്രയേലിന്റെ ശ്രമങ്ങളാണ് രണ്ടാമത്തെ രേഖയിലുള്ളത്