ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഇസ്രയേല്‍ ഒഴിപ്പിച്ചു തുടങ്ങി.
ടെല്‍അവീവ്: ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് ആക്രമണമാരംഭിച്ചതോടെ ഇവിടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഇസ്രയേല്‍ ഒഴിപ്പിച്ചു തുടങ്ങി. അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഹമാസ് 199 പേരെ ബന്ദികളാക്കി. നേരത്തേ 155 പേരെ ബന്ദികളാക്കിയെന്നാണ് അറിയിച്ചിരുന്നത്. ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ ശ്രമം തുടരുന്നു. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധം ആക്രമണം നടത്തില്ല. ഇപ്പോഴും വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ പ്രദേശത്തേക്ക് പോകുന്നവരെ ഹമാസ് തടയുകയാണെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
13 കുട്ടികളും, 60ന് മുകളിലുള്ള എട്ടു പേരും, 80ന് മുകളിലുള്ള രണ്ടുപേരും ബന്ദികളാക്കിയവരില്‍ ഉള്‍പ്പെടുന്നു. 10 ബ്രിട്ടിഷ് പൗരന്മാരെ ഹമാസ് ബന്ദികളാക്കിയതായി ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. തങ്ങളുടെ 30ലധികം പൗരന്മാരെ വധിച്ചുവെന്നും 13 പൗരന്മാരെ കാണാതായിട്ടുണ്ടെന്നും അമേരിക്കയും സ്ഥിരീകരിച്ചു. 17 തായ് പൗരന്മാരും എട്ട് ജര്‍മന്‍കാരും രണ്ട് മെക്സിക്കന്‍ സ്വദേശികളും ഒരു റഷ്യന്‍-ഇസ്രായേല്‍ സ്വദേശിയും ബന്ദികളാക്കിയവരില്‍ ഉള്‍പ്പെടുന്നു. 13 പൗരന്മാരെ കാണാതായതായി ഫ്രാന്‍സും അറിയിച്ചു. മറ്റു നിരവധി രാജ്യക്കാരെയും കാണാതായിട്ടുണ്ട്.