ലൊസാഞ്ചലസിലെ കാട്ടുതീ : വരുംദിവസങ്ങളിൽ തീവ്രമാകുമെന്ന് കാലാവസ്ഥ വിദഗ്ധർ
യുഎസിലെ ലൊസാഞ്ചലസിൽ പടരുന്ന കാട്ടുതീയുടെ വ്യാപനം വരുംദിവസങ്ങളിൽ തീവ്രമാകുമെന്ന് കലിഫോർണിയയിലെ കാലാവസ്ഥ വിദഗ്ധർ. സാന്റ അനാ (ഡെവിൾ വിന്‍ഡ്) എന്ന വരണ്ട കാറ്റിന്റെ ശാന്തസ്വഭാവം മാറുമെന്നും ഇത് കൂടുതൽ നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. 120 കി.മീ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. നിലവിൽ പലയിടങ്ങളിലും തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കാറ്റിന്റെ ശക്തി കൂടുമ്പോൾ കാട്ടുതീയുടെ വ്യാപനം നിയന്ത്രിക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് സേനാംഗങ്ങൾ കരുതുന്നു. മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും ദൗത്യത്തിൽ പങ്കാളികളാണ്.
ചൊവ്വാഴ്ച ആരംഭിച്ച 6 കാട്ടുതീകളാണു ലൊസാഞ്ചലസ് കൗണ്ടിയിലുടനീളം പടർന്നുപിടിച്ചത്. ഇതുവരെ 24 പേർ മരിച്ചതായി ലൊസാഞ്ചൽസിലെ കൗണ്ടി മെഡിക്കൽ എക്സാമിനർ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട ഈറ്റൺ ഫയർസോണിൽ 16 പേരും പാലിസേഡ്സിൽ 8 പേരുമാണ് കൊല്ലപ്പെട്ടത്. ഇതുവരെ 16 പേരെ കാണാതായിട്ടുണ്ടെന്നും വിവരമുണ്ട്. പാലിസേഡ്സിൽ 23,600 ഏക്കറാണ് തീ വിഴുങ്ങിയത്. ഈറ്റൺ ഫയർ സോണിൽ 14,000 ഏക്കറിലും തീ വ്യാപിച്ചു. കലിഫോർണിയയിലെ സാൻ ഫെർണാഡോയിൽ ഫയർ ടൊർണാഡോ കണ്ടതായി റിപ്പോർട്ടുകളുണ്ട്. തീവ്രമായ ചൂടും കാറ്റും കൂടിച്ചേർന്ന് രൂപപ്പെടുന്ന ചുഴലിയെയാണ് ഫയർ ടൊർണാഡോ എന്ന് പറയുന്നത്.