
ഒരുമിച്ച് കഴിയാന്‍ സഹ തടവുകാര്‍ക്ക് എതിര്‍പ്പ്; ചെന്താമരയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി
പാലക്കാട്: നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂര്‍ സബ്ജയിലില്‍ നിന്നു വിയൂര്‍ സെന്‍ട്രല്‍ ജയലിലേക്കു മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഏകാംഗ സെല്ലിലേക്കാണ് മാറ്റിയത്.
ഇന്ന് എട്ട് മണിയോടെ അതീവ സുരക്ഷയിലാണ് ജയില്‍ മാറ്റിയത്. കൂടെ കഴിയാന്‍ സഹ തടവുകാര്‍ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് ജയില്‍ അധികൃതര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മാറ്റാന്‍ അപേക്ഷ നല്‍കിയത്. അപേക്ഷ ആലത്തൂര്‍ കോടതി അംഗീകരിച്ചു.
പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു.
മുന്‍വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. വീട്ടില്‍ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമം നടത്തി. ചെന്താമര പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ചെയ്തത് തെറ്റാണെന്നും നൂറു വര്‍ഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നുമാണ് ചെന്താമര കോടതിയില്‍ പറഞ്ഞത്. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ പ്രതികരണം.
കൊലപാതകം നടത്തിയത് തനിച്ചാണ്. തന്റെ ജീവിതം തകര്‍ത്തതുകൊണ്ടാണ് അതു ചെയ്തത്. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനി പുറത്തിറങ്ങാന്‍ ആഗ്രഹമില്ല. എന്‍ജിനീയറായ മകളുടെയും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ മരുമകന്റെയും മുന്നില്‍ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു