നൈജീരിയയില്‍ തീവ്രവാദി ആക്രമണം; 37 മരണം

0

ലാഗോസ്: നൈജീരിയയിലെ യോബെ സംസ്ഥാനത്തെ വിദൂരമായ കയായ്യാ ഗ്രാമത്തില്‍ ഇസ്‌ലാമിക തീവ്രവാദി ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കയുടെ അംഗങ്ങളായ നിരവധി ഭീകരര്‍ ഗ്രാമത്തിലേക്ക് ഇരച്ചുകയറി സ്ഫോടകവസ്തുക്കള്‍ വലിച്ചെറിഞ്ഞും വെടിവച്ചും ആളുകളെ കൊല്ലുകയായിരുന്നു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒക്‌ടോബര്‍ 31ന് രാത്രിയായിരുന്നു സംഭവം. യോബെ പോലീസിന്‍റെ റിപ്പോര്‍ട്ടനുസരിച്ച്‌ 20 പേരാണ് കൊല്ലപ്പെട്ടത്.

തീവ്രവാദികള്‍ ആവശ്യപ്പെട്ട ഗുണ്ടാപ്പണം കൊടുക്കാതിരുന്നതാണ് ആക്രമണത്തിനു കാരണം. ഗ്രാമങ്ങളെ വരുതിയില്‍ നിര്‍ത്താനും പണമുണ്ടാക്കാനും തീവ്രവാദികള്‍ ഗുണ്ടാപ്പിരിവു നടത്തുന്നത് പതിവാണ്. കന്നുകാലികള്‍ക്കു തീവ്രവാദികള്‍ നികുതി ചുമത്തിയതു നല്‍കാൻ വിസമ്മതിച്ചതും പ്രകോപനകാരണമായി. കൂട്ടക്കൊലയ്ക്കുശേഷം ഗ്രാമം നിശേഷം നശിപ്പിച്ചിട്ടാണ് തീവ്രവാദികള്‍ മടങ്ങിയത്.

ഇസ്‌ലാമിക തീവ്രവാദികളുടെ മുഖ്യകേന്ദ്രമായ ബോര്‍ണോ സംസ്ഥാനത്തോടു ചേര്‍ന്നു കിടക്കുന്ന യോബെയിലും ഇസ്‌ലാമിക തീവ്രവാദികള്‍ ഗ്രാമങ്ങളിലെ കൂട്ടക്കൊലയും സൈനിക ക്യാന്പുകള്‍, സ്കൂളുകള്‍, ചന്തകള്‍ എന്നിവിടങ്ങളിലെ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും നടത്താറുണ്ട്.

You might also like