ശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം; 23 ബോട്ടുകൾ പൂർണമായും കത്തിനശിച്ചു

0

വിശാഖപട്ടണം: തുറമുഖത്തുണ്ടായ കനത്ത തീപിടിത്തത്തിൽ വൻ നാശനഷ്‌ടം. വിശാഖപട്ടണത്ത് ഇന്നലെ രാത്രിയോടെ ഉണ്ടായ തീപിടിത്തത്തിൽ 23 ബോട്ടുകൾ കത്തിച്ചാമ്പലായതായാണ് വിവരം. ആകെ 40 ബോട്ടുകളിൽ തീപടർന്നു. ഏകദേശം 30 കോടിയിലധികം രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

ഏതോ സാമൂഹ്യവിരുദ്ധരാണ് ബോട്ടുകൾക്ക് തീവച്ചതെന്നാണ് മത്സ്യതൊഴിലാളികൾ അറിയിച്ചത്. അതേസമയം ഒരു ബോട്ടിനുള്ളിൽ പാർട്ടി നടന്നതായും ഇതിനെത്തുടർന്നുണ്ടായ തീപിടിത്തമാണ് ദുരന്തകാരണമായതെന്നും ചില‌ർ പറയുന്നു.ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു.

തുറമുഖത്ത് നിരന്നുകിടന്നിരുന്ന ബോട്ടുകളെയൊന്നാകെ തീ വിഴുങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ചില ബോട്ടുകളിൽ നിന്ന് ശക്തമായ പൊട്ടിത്തെറിയും ഉണ്ടായിരുന്നു. രാത്രി 11.30ഓടെയാണ് തീപടർന്നതെന്നും ബോട്ടുകളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്നും അതിനാൽ ആളുകൾ സ്ഥലത്തുനിന്ന് മാറാൻ നിർദ്ദേശം നൽകിയെന്നും പൊലീസ് അറിയിച്ചു. കനത്ത നാശനഷ്‌ടമുണ്ടായെങ്കിലും അപകടത്തിൽ ആരും മരിച്ചില്ലെന്നാണ് വിവരം.

You might also like