ബന്ധികളാക്കപ്പെട്ട 50 പേരെ മോചിപ്പിക്കാമെന്ന് തീരുമാനം; താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ അംഗീകാരം നല്‍കി

0

ടെല്‍ അവീവ് : ഹമാസ് ഭീകരര്‍ക്കെതിരെയുള്ള ആക്രമണം താത്കാലികമായി നിര്‍ത്തിവെച്ച് ഇസ്രയേല്‍. നാല് ദിവസത്തേയ്‌ക്കാണ് വെടിവെപ്പ് നിര്‍ത്തിവെച്ചിരിക്കുന്നത്. നാല് ദിവസത്തേയ്‌ക്ക് വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി.

ഖത്തറിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ കരാറിന് ഒപ്പുവെക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. ഇതോടൊപ്പം ബന്ധികളാക്കപ്പെട്ട 50 പേരെ മോചിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഖത്തറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും വെടിനിര്‍ത്തലിനെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

46 ദിവസത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു ശേഷം സമാധാനത്തിലേക്കുള്ള നിര്‍ണായക കരാറാണിത്. ദിവസങ്ങളായി ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.
ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. അവരില്‍ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികള്‍ എന്ന നിലയില്‍ നാല് ദിവസമായാണ് മോചനം. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേല്‍ ഗാസയില്‍ നടത്തില്ല. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരാമെന്ന് ഇസ്രയേല്‍ അറിയിച്ചതായാണ് വിവരം.

യുദ്ധം തുടരുമ്പോഴും ബന്ദികളെ മോചിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരസ്യ പ്രതിഷേധത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യമുണ്ടായി. അതിനിടെയാണ് ഈ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളില്‍ ചിലരുടെ മോചനത്തിന് വഴിയൊരുങ്ങുന്നത്.
ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ച് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറിലേക്ക് അടുക്കുകയാണെന്നും ഇക്കാര്യത്തില്‍ ഹമാസിന്റെ പ്രതികരണം ഖത്തറിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് പറഞ്ഞത്.

എന്നാല്‍ വെടിനിര്‍ത്തല്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇരു പക്ഷവും അറിയിച്ചിട്ടില്ല. ഖത്തറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ബുധനാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത് 38 മന്ത്രിസഭാംഗങ്ങള്‍ക്ക് പുറമേ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള ഉന്നത പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കരാര്‍ അവസാനിക്കുന്ന ദിവസം യുദ്ധം തുടരും. ഹമാസ് ബന്ധികളാക്കിയ ഇസ്രയേല്‍ പൗരന്മാരെ തിരിച്ചു ലഭിക്കുന്നത് വരെ യുദ്ധം തുടരുമെന്നും നെതന്യാഹും അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിലാണ് ഇസ്രയേലുകാരെ ഹമാസ് ബന്ദികളാക്കിയത്.

You might also like