മഴയിൽ മുങ്ങി ചെന്നൈ; രണ്ട് പേർക്ക് ദാരുണാന്ത്യം, വിമാനത്താവളം അടച്ചു
ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് ചേർന്ന് നീങ്ങുന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചെന്നൈ ഇസിആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. ചെന്നൈയിൽ നിന്നുളള 20 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. 23 വിമാനങ്ങൾ വൈകിയെത്തും. ചില വിമാനങ്ങൾ ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം അടച്ചു.
മഴയെത്തുടർന്ന് നിരവധി സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം താറുമാറായി. ഇന്ന് വൈകുന്നേരം വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.വടക്കൻ തമിഴ്നാട്ടിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയെത്തുടർന്ന് ചെന്നൈ അടക്കമുളള ആറ് ജില്ലകളിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു.സ്വകാര്യ സ്ഥാപനങ്ങൾക്കും പൊതു അവധി ബാധകമായിരിക്കും. പകരം തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. ചെന്നൈയുൾപ്പടെയുളള മിക്ക സ്ഥലങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുൻകരുതൽ നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവിൽ വടക്കൻ തമിഴ്‌നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. നാളെ പുലർച്ചെയോടെ ആന്ധ്രാ പ്രദേശിലെ നെല്ലൂരിനും മച്ലിപട്ടണത്തിനും ഇടയിൽ കര തൊടുമെന്നാണു നിലവിലെ നിഗമനം. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി.
ചെങ്കൽപേട്ട്, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂർ തുടങ്ങിയ ജില്ലകളിൽ മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗത്തിൽ അതിശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. വില്ലുപുരം കൂഡല്ലൂർ എന്നിവിടങ്ങളിലും കാറ്റ് ശക്തമാകും. ഗുരുനാനാക്ക് കോളേജിനു സമീപം കെട്ടിടം തകർന്ന് വീണ് പത്ത് ജീവനക്കാർ കുടുങ്ങി. കേരളത്തിലേക്ക് അടക്കമുള്ള 118 ട്രെയിനുകളാണ് കനത്ത മഴയെത്തുടർന്ന് റദ്ദാക്കിയത്.