ഐഫോൺ 15 ആണ് യുവാവ് ഓർഡർ ചെയ്തത്. എന്നാൽ കിട്ടിയതാകട്ടെ ഒരു പിയേഴ്സ് സോപ്പ്
ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. ചിലപ്പോഴെങ്കിലും ഓർഡർ ചെയ്‌ത സാധനങ്ങൾക്ക് പകരം മറ്റെന്തെങ്കിലും കൈയിൽ കിട്ടിയവരുമുണ്ടാകും. അത്തരത്തിൽ വ്ളോഗറായ വിദുർ സിരോഹിയ്ക്ക് പറ്റിയ ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
ഐഫോൺ 15 ആണ് യുവാവ് ഓർഡർ ചെയ്തത്. എന്നാൽ കിട്ടിയതാകട്ടെ ഒരു പിയേഴ്സ് സോപ്പും. നവംബർ പതിനാറിനാണ് ഫ്ലിപ്കാർട്ടിലൂടെ സാധനം ഓർഡർ ചെയ്തത്. തൊട്ടടുത്ത ദിവസം ഡെലിവറി ചെയ്യുമെന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതുണ്ടായില്ല. ഡെലിവറി നവംബർ പതിനെട്ടിലേക്ക് നീട്ടി. കസ്റ്റമർ ആ ദിവസം സ്ഥലത്തില്ലായിരുന്നു. അതിനാൽ നവംബർ 22നേക്ക് ഷെഡ്യൂൾ ചെയ്തു.
നവംബർ ഇരുപത്തിയഞ്ച് ആയിട്ടും ഫോൺ കിട്ടാതായതോടെ ഫ്ലിപ്കാർട്ടിൽ പരാതി നൽകി. ഒടുവിൽ തൊട്ടടുത്ത ദിവസം ഡെലിവറി ബോയ് എത്തി. പാക്കറ്റ് തുറന്നുനോക്കിയതോടെയാണ് അബദ്ധം പറ്റിയെന്ന് മനസിലായത്. bhookajaat എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചത്. തന്റെ പ്രശ്നത്തിന് ഇതുവരെ ഫ്ലിപ്‌കാർട്ട് പരിഹാരം കണ്ടിട്ടില്ലെന്നും വിദുർ സിരോഹി ആരോപിക്കുന്നു. ഫ്ലിപ്‌കാർട്ടിൽ നിന്ന് സാധനം വാങ്ങിയതിലൂടെ നിരാശയാണ് ഉണ്ടായതെന്നും യുവാവ് ആരോപിച്ചു.