നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഗാന്ധിനഗർ: നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാരോട്ട് സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർത്ഥിനിയായ ദിവ്യ ഭാഭോർ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിക്കുന്നതിന് മുമ്പ് യുവതിയും സൈനികനായ പ്രതിശ്രുത വരനും തമ്മിൽ വഴക്കുണ്ടായെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് ശേഷം കോളേജിൽ നിന്ന് റൂംമേറ്റ് തിരികെയെത്തി, തട്ടിയെങ്കിലും വാതിൽ തുറക്കാതായതോടെ ഹോസ്റ്റൽ വാർഡനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നതോടെയാണ് ദിവ്യയുടെ മൃതദേഹം കണ്ടെത്തിയത്.
വാരാന്ത്യങ്ങളിൽ വീട്ടിൽ പോകണമെങ്കിൽ പാസ് എടുക്കണമെന്നാണ് ഹോസ്റ്റലിലെ നിയമം. വെള്ളിയാഴ്ച വൈകിട്ട് പാസ് എടുത്ത് ഹോസ്റ്റലിൽ നിന്ന് പോയ യുവതി വീട്ടിൽ എത്തിയിരുന്നില്ല. ഞായറാഴ്ച വൈകിട്ടാണ് ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയത്.
പ്രതിശ്രുതവരനുമായി വഴക്കുണ്ടായ വിവരം യുവതി റൂംമേറ്റിനോട് പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുൻപും ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. യുവതിയുടെ ഫോൺ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.